ഗൗരിശങ്കരം സിനിമയില്‍ നായികയായ കാവ്യ മാധവന്റെ പിന്തുണ വലുതായിരുന്നുവെന്ന് നടന്‍ മുന്ന സൈമണ്‍. തനിക്ക് ആദ്യപടമാണെങ്കില്‍ കാവ്യയ്ക്ക് 28-ാമത്തെ പടമായിരുന്നുവെന്നും എന്നാല്‍ അതിന്റെ ഒരുതരത്തിലുള്ള അഹംഭാവവും കാവ്യയ്ക്ക് ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’ന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മുന്നയുടെ വാക്കുകള്‍
ഗൗരിശങ്കരം ഒരു ക്ലാസിക് പടമാണ്. എന്റെ കരിയറില്‍ അതൊരു വലിയ സിനിമ തന്നെയാണ്. ഇന്നും ജനങ്ങള്‍ എന്നെ തിരിച്ചറിയുന്നത് ആ സിനിമയിലൂടെയാണ്. ഇപ്പോഴും അതിന്റെ പാട്ടുകള്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. നടി ജയഭാരതിയുടെ പേര് പറഞ്ഞ് തനിക്ക് സിനിമയില്‍ അറിയപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. ഗൗരീശങ്കരം അഭിനയിച്ചപ്പോഴാണ് ജയഭാരതിയുടെ അനിയത്തിയുടെ മകനാണെന്ന് മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്.
ചിത്രത്തിലെ നായിക കാവ്യ മാധവനോട് എനിക്ക് വളരെയധികം നന്ദിയുണ്ട്. ഗൗരിശങ്കരം കാവ്യയുടെ 28-ാമത്തെ സിനിമയായിരുന്നു. എനിക്കാണെങ്കില്‍ ആദ്യവും. ഹിറ്റ് ചിത്രങ്ങള്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുന്ന സമയത്താണ് കാവ്യ എനിക്കൊപ്പം അഭിനയിക്കുന്നത്. പക്ഷേ വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് കാവ്യ പെരുമാറിയത്. പല സീനുകളിലും ‘മുന്ന ചേട്ടാ, നമുക്ക് ഇങ്ങനെ ചെയ്യാം’ എന്നൊക്കെ പറഞ്ഞ് ഒരുപാട് സഹായിച്ചു. ഞാന്‍ തെറ്റിച്ചാലും അണിയ പ്രവര്‍ത്തകര്‍ സാരമില്ലെന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഒരിക്കല്‍ പോലും ആരും എന്നെ കളിയാക്കിയില്ല.


















