തൃശ്ശൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ബന്ധത്തെക്കുറിച്ചുളള ചോദ്യത്തോട് വീണ്ടും പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ബന്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ആര്‍ക്ക് വേണ്ടിയാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണോ എന്നുമായിരുന്നു മുല്ലപ്പളളി ചോദിച്ചത്.
നിങ്ങള്‍ക്ക് മറ്റെന്തൊക്കെ കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രസ്താവനകളില്‍ വ്യക്തത കുറവുണ്ടല്ലോ എന്ന ചോദ്യത്തിന് പ്ലീസ് സ്റ്റോപ്പ് ഇറ്റ്, ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ് എന്നായിരുന്നു ക്ഷോഭിച്ചുകൊണ്ടുളള മുല്ലപ്പളളിയുടെ മറുപടി.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുല്ലപ്പളളിയുമായി ചര്‍ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് കഴിഞ്ഞ ദിവസം തന്നെ മുല്ലപ്പളളി തളളിക്കളഞ്ഞിരുന്നു. ചര്‍ച്ച നടന്നിട്ടില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്നുമായിരുന്നു മുല്ലപ്പളളിയുടെ മറുപടി.











