തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ പേരില്‍ പുറത്തുവരുന്ന ശബ്ദരേഖ മുഖ്യമന്ത്രിയെ വെള്ളപൂശാനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബ്ദരേഖയുടെ ഉറവിടം വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള പ്രതിയുടെ ശബ്ദരേഖ പുറത്തുവന്നത് ഗുരുതര വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ശബ്ദസന്ദേശം പുറത്തായത് അന്വേഷിക്കുമെന്നത് വെറും പ്രഹസനമാണെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സിപിഐഎം നേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന ഗുരുതര അഴിമതി ആരോപണങ്ങളില്‍ നിന്നും സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ കപടതന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ വിവാദം. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും അത് എത്തും. അതിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജയിലുകളില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികള്‍ക്ക് എല്ലാ സൗകര്യവും ജയില്‍ അധികൃതരും സര്‍ക്കാരും നല്‍കുന്നു.ഇവര്‍ക്ക് ജയിലിനകത്തും പുറത്തും വിവിഐപി പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു. കുറ്റവാളികളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ്. കുറ്റകൃത്യങ്ങളുടെ ഭൂതകാല പാരമ്പര്യമുള്ളവരാണ് ഇന്ന് സിപിഎമ്മിന് നേതൃത്വം നല്‍കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അഴിമതികള്‍ ലോകത്തോട് വിളിച്ചു പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. സത്യാന്വേഷണമാണ് മാധ്യമപ്രവര്‍ത്തകരുടെ കടമ. മാധ്യമപ്രവര്‍ത്തകര്‍ ഒരിക്കലും സമ്മര്‍ദ്ദങ്ങള്‍ക്ക് അകപ്പെടരുത്. യു ഡി എഫ് നേതാക്കള്‍ക്കെതിരായ നടപടി സര്‍ക്കാര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് തുല്ല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.