ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബർഗ് സൂചികയുടെ കണക്കുകൾ പ്രകാരം 77.4 ബില്യൺ ഡോളർ ആണ് മുകേഷ് അംബാനിയുടെ ഇപ്പോഴത്തെ ആസ്തി.
ഗൂഗിൾ സ്ഥാപകൻ ലാറി പേജ്, ടെസ്‌ല മേധാവി ഇലോൺ മസ്ക്, ഒറാക്കിൾ കോർപ് മേധാവി ലാറി എറിസൺ, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്സ്, വാറൻ ബഫറ്റ് എന്നിവരെ പിന്തള്ളിയാണ് അംബാനി അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്.
പട്ടികയിലെ ഒരേയൊരു ഏഷ്യാക്കാരനാണ് മുകേഷ് അംബാനി. ചൈനീസ് കോടീശ്വരൻമാരായ ടെൻസെന്റ് മേധാവി പോണി മാ, ആലിബാബ മേധാവി ജാക്ക് മാ എന്നിവരെ കോടീശ്വരൻ പട്ടികയിൽ നേരത്തെ തന്നെ അംബാനി കീഴടക്കിയിരുന്നു.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. 178 ബില്യൺ ഡോളറാണ് ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് (118 ബില്യൺ ഡോളർ). എൽവിഎംഎച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് (93.6 ബില്യൺ ഡോളർ), ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് (88.4 ബില്യണ്‍ ഡോളർ), എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളിൽ ഉള്ളത്. കോവിഡ് കാലത്ത് വൻ കിട കമ്പനികളൊക്കെ നഷ്ടത്തിൽ പോകുമ്പോൾ റിലയൻസ് ഫൈബറിലേക്കു ഫേസ്ബുക്കും, മൈക്രോസോഫ്റ്റും നടത്തിയ വൻ നിക്ഷേപം ഏറെ ശ്രദ്ധനേടിയിരുന്നു. അതോടെ റിലയൻസിന്റെ വിപണി മൂല്യം ഉയർന്നതാണ് മുകേഷ് അംബാനിക്ക് ഈ നേട്ടം സമ്മാനിച്ചത്.