സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ ഇന്ന് നിലവിൽ വരും. സ്കൂളുകൾ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ അതേപടി നടപ്പാക്കുകയാണ് സര്‍ക്കാര്‍.
വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസമായിരുന്ന ക്വാറന്റീൻ പകുതിയാക്കി. ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കിൽ ക്വാറന്റീൻ 14 ദിവസം തന്നെ തുടരേണ്ടി വരും.
സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഓഫീസിലെത്തണം. സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് കാട്ടിയാണ് സർക്കാർ ജീവനക്കാർ ജോലിക്കെത്തുന്നതിനുള്ള നിയന്ത്രണം നീക്കിയത്. ഇനിമുതൽ 100 ശതമാനം ജീവനക്കാരും ഓഫസിലെത്തണം.
ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്. കേസുകൾ കുത്തനെ മുകളിലേക്ക് പോകുമ്പോഴാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നിലവിൽ വരുന്നത് എന്ന പ്രത്യേകതയുമുണ്ട് . പുതിയ ഇളവുകളോടെ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ നിലവിൽ വന്ന നിയന്ത്രണങ്ങളാണ് നീങ്ങുന്നത്.