Web Desk
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയില്‍ മിഥുനമാസ പൂജയ്ക്കു ഭക്തരെ അനുവദിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവം ചടങ്ങ് മാത്രമായി നടത്തുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വംമന്ത്രിയും ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസുവും നടത്തിയ ചർച്ചയിലാണു തീരുമാനം.
ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ നടക്കും. മിഥുനമാസ പൂജയ്ക്ക് 14നു ശബരിമല തുറക്കുമ്പോൾ ഭക്തരെത്തുന്നതു വിലക്കണമെന്നും 19 മുതലുള്ള ഉത്സവംമാറ്റി വയ്ക്കണമെന്നും കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മിഷണർക്ക് കത്തു നൽകിയിരുന്നു. ഇതേതുടർന്നാണ് മന്ത്രിതലത്തിൽ ചർച്ച നടത്തിയത്. ഭക്തർക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിയിരുന്നില്ല.
മദ്യഷാപ്പ് തുറന്നില്ലേ, ആരാധനാലയം തുറക്കാത്തത് എന്തെന്നു പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചതിന്റെ സാഹചര്യത്തിലാണ് ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രം അനുവാദം നൽകിയിട്ടും ക്ഷേത്രങ്ങൾ തുറന്നില്ലെങ്കിൽ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി എത്തുമായിരുന്നു. ശബരിമല തന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. തന്ത്രികുടുംബാംഗങ്ങളുടെ അഭിപ്രായം കേൾക്കുകയും തീരുമാനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മതനേതാക്കളുമായും മറ്റും സംസാരിച്ചിരുന്നു. എല്ലാവരും തീരുമാനത്തോട് അനുകൂലിച്ചു. എന്നാൽ രോഗവ്യാപന സാധ്യത നിലനിൽക്കുന്നതായി ചിലർ ചൂണ്ടിക്കാട്ടി. ഇതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിതർ കൂടി. പുനരാലോചന നല്ലതല്ലേ എന്ന് തന്ത്രി ചോദിച്ചപ്പോൾ സർക്കാർ സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തി.
ശബരിമല ഭക്തരിൽ വലിയൊരു വിഭാഗം ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ഭക്തർ ഐസിഎംആർ അംഗീകരിക്കുന്ന ലാബിൽ സ്രവം പരിശോധിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഒരു ദിവസം 2000 ഭക്തർക്കു ശബരിമലയിൽ പ്രവേശനം ലഭിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. ഒരാൾ രോഗബാധിതനാണെങ്കിൽപോലും അതു ക്ഷേത്ര നടത്തിപ്പിനെ ബാധിക്കുമെന്നതിനാലാണ് മുൻതീരുമാനങ്ങൾ മാറ്റുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസത്തെ ശാന്തമായ സ്ഥിതിയല്ല ഇപ്പോൾ. ഈ മാസം സംസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികൾ മോശമാണ്. ദർശനത്തിനെത്തുന്ന ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ക്ഷേത്രത്തിലെ എല്ലാവരും ക്വാറന്‍റീനിൽ പോകേണ്ടി വരും. ഈ പശ്ചാത്തലത്തിൽ ഉത്സവം ഒഴിവാക്കാനാണ് ആലോചിക്കുന്നത്. നേരത്തെ ദേവസ്വം ബോർഡ് ചോദിച്ചപ്പോൾ ഉത്സവത്തിനു തീയതി താൻ തന്നെയാണു കുറിച്ചു നൽകിയത്. ദേവസ്വം ബോർഡ് തീയതി സ്വയം തീരുമാനിച്ചതല്ല’– തന്ത്രി മഹേഷ് മോഹനര് വ്യക്തമാക്കി.
മിഥുനമാസ പൂജയ്ക്കു 14നു ശബരിമല ക്ഷേത്രം തുറക്കുമ്പോൾ ഭക്തരെത്തുന്നതു വിലക്കണമെന്നും 19 മുതലുള്ള ഉത്സവം മാറ്റിവയ്ക്കണമെന്നും തന്ത്രി ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനിക്കു കത്തു നൽകിയിരുന്നു. എന്നാൽ തന്ത്രിയോട് ആലോചിച്ച് അദ്ദേഹത്തിന്‍റെ കൂടി സമ്മതത്തോടെയാണ് ഉത്സവം തീരുമാനിച്ചതെന്നും സംശയം ദൂരീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ തന്ത്രിയുമായി ചർച്ച നടത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് നിലപാടെടുത്തു.
തന്ത്രിയുടെ അഭിപ്രായം മാനിക്കുമെന്നു മന്ത്രിയും വ്യക്തമാക്കിയിരുന്നു. സുരക്ഷ മുൻനിർത്തിയാണ് പുതിയ നിർദേശമെന്നു തന്ത്രി പറഞ്ഞു. ‘സ്ഥിതി അനുകൂലമെങ്കിൽ ഉത്സവം നടത്താമെന്നു തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ശാന്തമല്ലാത്തതിനാൽ മാറ്റിവയ്ക്കുന്നതാകും ഉചിതം.’ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ സമ്മർദമില്ലെന്നും സർക്കാരുമായോ ദേവസ്വം ബോർഡുമായോ യാതൊരു തർക്കവുമില്ലെന്നും ചോദ്യത്തിനു മറുപടിയായി തന്ത്രി പറഞ്ഞു.