Web Desk
കോവിഡ് 19 ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടലിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.കോവിഡ് 19 ചികിത്സയ്ക്ക് ആവശ്യമായ തീവ്രപരിചരണ സംവിധാനവും കിടക്കകളും ലഭ്യമാക്കാനും കോവിഡ് സേവനങ്ങള്‍ക്ക് ന്യായവും സുതാര്യവുമായ നിരക്കുകള്‍ ഉറപ്പാക്കാനും, രാജ്യത്തെ സ്വകാര്യ ആശുപത്രികളുമായി സജീവമായ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
രാജ്യത്ത് കൊറോണ വൈറസ് പരിശോധന ശേഷി തുടര്‍ച്ചയായി വര്‍ധിക്കുന്നുണ്ട്. നിലവില്‍ പ്രതിദിനം 3 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. കഴിഞ്ഞ 24 മണിക്കൂറില്‍ 1,54,935 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 59,21,069 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നുവരെ 907 കോവിഡ് പരിശോധനാ ലാബുകള്‍ രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 659 എണ്ണം ഗവണ്‍മെന്‍റ് മേഖലയിലും, 248 എണ്ണം സ്വകാര്യമേഖലയിലുമാണ്.
കോവിഡ് പരിശോധന മിതമായ ചെലവില്‍ നടത്തുന്നതിനും വിശ്വാസ്യത, കൃത്യത എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമായി, ഐ.സി.എം.ആര്‍. കോവിഡ് പരിശോധന – റാപ്പിഡ് ആന്റിജന്‍ ഡിറ്റക്ഷന്‍ ടെസ്റ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. https://www.icmr.gov.in/pdf/covid/strategy/Advisory_for_rapid_antigen-test_14062020_pdf എന്ന ലിങ്കില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് കിറ്റുകള്‍, സംസ്ഥാനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുന്നതിന്, ഗവണ്‍മെന്‍റ് ഇ-മാര്‍ക്ക് പ്ലെയ്‌സ് (GEM) പോര്‍ട്ടലില്‍, ആഭ്യന്തര ഉല്പ്പാദകരെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലക്ഷണങ്ങളില്ലാത്ത കോവിഡ് മുന്‍നിര പ്രവ്രര്‍ത്തകര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്, ELISA, CLIA എന്നീ ആന്‍റിബോഡി ടെസ്റ്റുകള്‍ നടത്താവുന്നതാണ്.