കൊച്ചി: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസിങ് തിയതി പ്രഖ്യാപിച്ചു. ജനുവരി അഞ്ചിന് തിയറ്ററുകള്‍ തുറക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആശിര്‍വാദ് സിനിമാസിന്റെ പ്രഖ്യാപനവും എത്തിയത്. മോഹന്‍ലാലിന്റെ തന്നെ ദൃശ്യം 2 തിയറ്ററുകള്‍ക്ക് പകരം ഒ.ടി.ടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
100 കോടി ബജറ്റിലൊരുങ്ങിയ ആദ്യ മലയാള ചിത്രം കൂടിയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021 മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ ഡ്രീം പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ കോവിഡ് വ്യാപനവും അതിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലുകളും വന്നത് സിനിമാ മേഖലയെ തന്നെ അവതാളത്തിലാക്കി.
ദൃശ്യം സെക്കന്‍ഡ് ആമസോണ്‍ റിലീസായി പ്രഖ്യാപിച്ചതോടെ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മരക്കാര്‍ മാര്‍ച്ച് 26ന് തിയറ്ററിലെത്തുമെന്ന പ്രഖ്യാപനം എത്തുന്നത്. ചിത്രത്തിന്റെ റിലീസ് വന്‍ പ്രതീക്ഷയോടെയാണ് ചലചിത്ര പ്രേമികളും ആരാധകരും നോക്കിക്കാണുന്നത്.
അതേസമയം തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും റിലീസുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കോവിഡ് മൂലം റിലീസ് വൈകിയ സിനിമകള്‍ ഉള്‍പ്പെടെ 80-നടുത്ത് സിനിമകളാണ് നിര്‍മ്മാണം പൂര്‍ത്തായാക്കിയും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുമുള്ളത്.
സര്‍ക്കാര്‍ നികുതി ഇളവുകളുടെ കാര്യം ഉള്‍പ്പെടെ തീരുമാനിച്ചാല്‍ മാത്രമേ തുറക്കാനാകൂ എന്നാണ് തിയറ്ററുടമകളുടെ നിലപാട്. തിയറ്ററുകള്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കാനുള്ള കുടിശിക നല്‍കാതെ പുതിയ സിനിമ നല്‍കില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ നിലപാട്.


















