തൊടുപുഴയിലുള്ള ദൃശ്യത്തിന്റെ സെറ്റില്‍ പോയി ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണനും മലയാളത്തിലെ “ഏറ്റവും വലിയ താരം” മോഹന്‍ലാലിനെ കണ്ടതിനുപിന്നാലെ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്ന കാര്യം തീര്‍ച്ചയായി.
ഉണ്ണിയുടെയും ഉദയന്റെയും ശരീരഭാഷയില്‍ അത് വ്യക്തം. മൂവരും ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്കുകൂടി പോസ് ചെയ്തതോടെ അത് ഉറപ്പിക്കുകയും ചെയ്തു. അതിന്റെ സ്ഥിരീകരണത്തിനുവേണ്ടിയിട്ടാണ് ഉണ്ണികൃഷ്ണനെ തന്നെ വിളിച്ചത്.
‘ശരിയാണ്. ഞാനും ലാല്‍സാറും ഉദയനും ഒന്നിക്കുന്ന പടം യാഥാര്‍ത്ഥ്യമാകുന്നു. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രോജക്ടിന്റെ പിന്നാലെയാണ് ഞങ്ങള്‍. ഇന്നലെയാണ് ലാല്‍സാര്‍ കമ്മിറ്റ് ചെയ്തത്. ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും. ബിഗ് ബജറ്റ് ചിത്രവും. വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ടാവും.’ ഉണ്ണി തുടര്‍ന്നു.
‘നര്‍മ്മത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം. നര്‍മ്മരംഗങ്ങള്‍ അത്രകണ്ട് രസകരമാണ്. ഹലോയ്ക്ക് ശേഷം ലാല്‍സാറിന് ഇളകിയാട്ടം നടത്താവുന്ന ചിത്രം തന്നെയാവും ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങും. വിശദമായ കാര്യങ്ങള്‍ പിന്നാലെ അറിയിക്കാം.’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നവംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നതിനാല്‍ ഒന്നുകൂടി വ്യക്തമാവുകയാണ്. ദൃശ്യം 2നു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രംകൂടിയായിരിക്കും ഇത്.
ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയന്‍ തിരക്കഥ എഴുതുന്നത്. ഇതിനുമുമ്പുള്ള ഉണ്ണികൃഷ്ണന്‍ ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണങ്ങളുമെല്ലാം അദ്ദേഹംതന്നെയാണ് എഴുതിയിരുന്നത്. ഐ ലൗ മി എന്ന ചിത്രമാണ് അതിനൊരപവാദം. അതിന്റെ തിരക്കഥാകൃത്ത് സേതുവായിരുന്നു.
മോഹന്‍ലാലിനെവച്ച് ഉണ്ണികൃഷ്ണന്‍ ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് മറ്റ് ചിത്രങ്ങള്‍.
പുലിമുരുകനുശേഷം ഉദയന്‍ മോഹന്‍ലാലിനുവേണ്ടി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. പുലിമുരുകന്‍ രണ്ടാംഭാഗത്തിന്റെ തിരക്കഥാരചനയിലാണ് ഉദയനിപ്പോള്‍.

















