ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് മൂന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചതിനിടെയാണ് മോദിയുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ച. കര്‍ഷക പ്രക്ഷോഭത്തിന് രാജ്യത്തിന് അകത്തും പുറത്തും പിന്തുണ വര്‍ധിച്ചു വരികയാണ്. കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതും കേന്ദ്രത്തെ പ്രതിരോധത്തിലാക്കി.
ഇന്നത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള മുന്നറിയിപ്പ് കര്‍ഷകര്‍ നല്‍കിയിട്ടുണ്ട്. ഇന്ന് രണ്ടു മണിക്കാണ് കര്‍ഷക നേതാക്കളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ച.