ഫിഫയുടെ ഔദ്യോഗിക പെര്‍ഫ്യൂം എന്ന നിലയില്‍ വിപണിയില്‍ എത്തിക്കാനുള്ള അനധികൃത നീക്കമാണ് ഇതുവഴി ഒഴിവാക്കിയത്.
ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പതിപ്പിച്ച വ്യാജ പെര്‍ഫ്യുൂമുകള്‍ നിര്‍മിക്കുന്ന അനധികൃത ഫാക്ടറി റെയ്ഡ് ചെയ്ത ഖത്തര്‍ വാണിജ്യ വകുപ്പ് സാമഗ്രികള്‍ കണ്ടുകെട്ടി.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഇവിടെ നിന്ന് ഊദും അത്തറും മറ്റ് നിര്‍മാണ സാമഗ്രികളും പിടികൂടി.
വാണിജ്യ വകുപ്പിന്റെ പതിവു പരിശോധനകള്‍ക്കിടയിലാണ് അനധികൃത ഫാക്ടറി കണ്ടെത്തിയത്.
ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് അനധികൃത വാണിജ്യ പ്രവര്‍ത്തികള്‍ പരിശോധിക്കുന്ന സ്‌ക്വാഡാണ് ഇത് കണ്ടെത്തിയത്. ലോകകപ്പ് ലോഗോ വാണിജ്യപരമായി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്.
ലോകകപ്പുമായി ബന്ധപ്പെട്ട് 2000 കോടി യുഎസ് ഡോളറിന്റെ ബിസിനസ് ഖത്തറില്‍ നടക്കുമെന്നാണ് വാണിജ്യവകുപ്പ് കണക്കു കൂട്ടുന്നത്.
2020 ടോക്കിയോ ഒളിമ്പിക്‌സ് കോവിഡ് മൂലം സാമ്പത്തികമായി നേട്ടം കൊയ്തില്ലെങ്കിലും ഖത്തര്‍ ലോകകപ്പിന് ഈ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് പ്രതിരോധ നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയും മറ്റുമാണ് ഫിഫ ലോകകപ്പിനെ ഖത്തര്‍ വരവേല്‍ക്കുന്നത്.
ഖത്തറിന്റെ ജിഡിപിയുടെ പത്ത് ശതമാനത്തിലേറെ വാണിജ്യ ഇടപാടുകള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നടക്കുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.
ലോകകപ്പ് വേദി പ്രഖ്യാപിച്ച ശേഷം എട്ടോളം സ്റ്റേഡിയങ്ങള്‍, മെട്രോ റെയില്‍, വിമാനത്താവള വികസനം, പുതിയ നഗരം എന്നിവയും ഖത്തര്‍ നിര്‍മിച്ചു
നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കണമെന്ന നയത്തെ തുടര്‍ന്നാണ് വാണിജ്യ വകുപ്പ് അനധികൃത വ്യാപാരങ്ങളും നിര്‍മാണ യൂണിറ്റുകളും പരിശോധനകളിലൂടെ കണ്ടെത്തി അവ അടച്ചുപൂട്ടിക്കുന്നത്.












