ചൈനയുമായി പ്രതിരോധമന്ത്രിതല ചര്‍ച്ചയ്ക്ക് ഇന്ത്യ സന്നദ്ധം. ചൈനീസ് പ്രതിരോധമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെന്ന് സൂചന. സൈന്യം ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണെന്ന് കരസേന മേധാവി ജനറല്‍ എം.എം. നരവനെ അറിയിച്ചു. ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലെ സാഹചര്യം അയവില്ലാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് വെല്ലുവിളിയും നേരിടാന്‍ നമ്മുടെ ജവാന്മാര്‍ തയ്യാറാണ്. സൈന്യത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അഭിമാനമാണ്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. സേനാവിന്യാസം പോലുള്ള നടപടികള്‍ മുന്‍കരുതലായി എടുത്തുകഴിഞ്ഞെന്ന് കരസേന മേധാവി പറഞ്ഞു.
സംഘര്‍ഷം രൂക്ഷമായ ദക്ഷിണ പാങ്ങോംഗില്‍ ഇന്ത്യ- ചൈന സേനകള്‍ നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യന്‍ സൈന്യം പലയിടത്തും ബേസില്‍ നിന്നും മലമുകളിലേക്ക് സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ചൈനയുടെ കടന്നുകയറ്റം ചെറുക്കാന്‍ വേണ്ടിയാണിത്. ലഡാക്കിലെ പാങ്ങോംഗ് മേഖലയിലെ നോര്‍ത്ത് ഫിംഗര്‍ നാല് ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചു.











