ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള മിസൂറി സിറ്റിയുടെ മേയറായി റോബിന്‍ ഇലക്കാട്ട് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റതോടെ മലയാളി സമൂഹത്തിന്റെ നേട്ടങ്ങളില്‍ മറ്റൊരു നാഴികക്കല്ല്. രണ്ടു വര്‍ഷമാണ് കാലാവധി. മേയറും ആറ് അംഗ കൗണ്‍സിലുമാണ് നഗര ഭരണം നടത്തുന്നത്. കോവിഡ് മൂലം ചുരുക്കം പേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ ആഫ്രിക്കന്‍ അമേരിക്കനായ ജഡ്ജി ക്ലാരീസ് റാങ്കിന്‍ യേറ്റ്സ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഭാര്യ റ്റീന പിടിച്ച ബൈബിളില്‍ കൈവച്ച് കൊണ്ട് റോബിന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മക്കളായ ലിയ, കേറ്റ്‌ലിന്‍ എന്നിവരും സന്നിഹിതരായിരുന്നു. ജഡ്ജിയുടെ അഭിനന്ദനത്തിനു ശേഷം റോബിന്‍ സദസിനെ അഭിസംബോധന ചെയ്തു. ചടങ്ങുകള്‍ ലൈവ് സ്ട്രീമിലൂടെ ലോകമെങ്ങും നിരവധി പേര്‍ വീക്ഷിച്ചു.
മിസൂറി സിറ്റി അടങ്ങുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി സാരഥി ജഡ്ജ് കെ.പി. ജോര്‍ജ്, തോമസ് നെയ്ച്ചേരില്‍, റോബിന്റെ സഹോദരന്‍ റെസിന്‍ ഇലക്കാട്ട്, ടീനയുടെ മാതാപിതാക്കളും സഹോദരനും കുടുംബവും തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.
അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായ മിസൂറി സിറ്റിയെ കൂടുതല്‍ ഉയങ്ങളിലെത്തിക്കും എന്ന പ്രതിഞ്ജയോടെയാണ് റോബിന്‍ സ്ഥാനമേറ്റത്. നഗരത്തിലെ ഇന്‍ഫ്ര സ്ട്രക്ച്ചര്‍ മെച്ചപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. അത് പോലെ സുരക്ഷിതത്വവും ഉറപ്പാക്കും.മെയ്ക്ക് മിസൂറി സിറ്റി ഗ്രെറ്റര്‍ ആന്‍ഡ് ഹയര്‍ എന്നതായിരിക്കും തന്റെ മുദ്രാവാക്യം.
ക്‌നാനായ സമുദായത്തിന്റെ പിന്തുണ, തോമസ് നെയ്ച്ചേരില്‍ ചെയ്ത സഹാര്യങ്ങള്‍, പാര്‍ട്ടി ഭേദമെന്യേ ലഭിച്ച പിന്തുണ, മലയാളി സമൂഹവും ഇന്ത്യന്‍ സമൂഹവും നല്‍കിയ സഹകരണങ്ങള്‍ എന്നിവക്കെല്ലാം ഹൃദയപൂര്‍വം റോബിന്‍ നന്ദി പറഞ്ഞു.
നേരത്തെ ജനുവരി 12-നു സത്യപ്രതിഞ്ജ എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലൂള്ള മേയര്‍ യോളണ്ട ഫോര്‍ഡ് നേരത്തെ സ്ഥാനമൊഴിയാന്‍ താല്പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് റോബിന്റെ സത്യപ്രതിഞ്ജ നേരത്തെ ആക്കുകയായിരുന്നു.
2009-ല്‍ മിസൂറി സിറ്റി കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജനും റോബിന്‍ ഇലയ്ക്കാട്ടാണ്. പിന്നീട് 2011-ലും 2013-ലും തുടര്‍ച്ചായി സിറ്റി കൗണ്‍സിലിലേക്ക് അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്തമേരിക്കയുടെ (കെ.സി.വൈ.എല്‍) സ്ഥാപക പ്രസിഡന്റാണ്.
കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമാണ് റ്റീന.



















