ജെ.സി തോമസ്
1936 -ലാണ് യൂണിറ്റ് 731 , ജപ്പാന്‍ പട്ടാളം ചൈനയുടെ വടക്ക്-കിഴക്ക് മഞ്ചുറിയയിലെ ഹാര്‍ബിന്‍ എന്ന സ്ഥലത്തു സ്ഥാപിച്ചത്. ഹാര്‍ബിന്‍ അന്ന് ജപ്പാന്റെ അധീനതയിലായിരുന്നു). മാരക രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നത് എങ്ങനെ, അവ പകരുന്നത് എങ്ങനെ, ആയുധങ്ങള്‍ എങ്ങനെ ശരീരത്തെ ബാധിക്കുന്നു, മനുഷ്യന്റെ സഹനശക്തി എന്നിവ പഠിക്കാനായിരുന്നു ഉദ്ദേശം.
1984 -ല്‍ ഒരു ആക്രിക്കടയില്‍ നിന്ന് കിട്ടിയ പഴയ പേപ്പറുകളും, കുത്തഴിഞ്ഞ നോട്ട് ബുക്കുകളില്‍ നിന്നുമാണ് ഈ വിവരം പുറത്തറിഞ്ഞത്. ഈ വൈദ്യ ഗവേഷണത്തില്‍ കൊഴിഞ്ഞു വീണത് ചൈന, അമേരിക്ക (സഖ്യ കക്ഷി രാജ്യങ്ങളുള്‍പ്പെടെ) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്തിനായിരത്തിലേറെ ജീവന്‍. ഇതില്‍ മയക്കുമരുന്നില്ലാതെ തലച്ചോറ് തുറന്നു നടത്തിയ പരീക്ഷണങ്ങള്‍ ഏറെ. തടവുകാരികളെ ബലാത്സംഗം ചെയ്തു, സിഫിലിസ് അണുക്കള്‍ കുത്തി വെച്ചു, ഭ്രൂണത്തില്‍ അത് പകരുന്നത് പഠിച്ചു അവര്‍. അതിശൈത്യത്തില്‍ ഏല്‍ക്കുന്ന മുറിവുകള്‍ ഗാംഗറിന്‍ ആവാന്‍ വേണ്ട നേരം കുറിച്ചിട്ടു. ജീവനോടെ കൈകാലുകള്‍ മുറിച്ചിട്ട് അതില്‍ നിന്ന് രക്തം വാര്‍ന്നു പോകാനുള്ള സമയം തിട്ടപ്പെടുത്തി, പലപ്പോഴും മുറിച്ച വലതുകാല്‍ ഇടതുകാലില്‍ തുന്നിച്ചേര്‍ത്തു.

അതിശൈത്യത്തില്‍ (20 ഡിഗ്രിയിലേറെ) രണ്ട് അമേരിക്കന്‍ തടവുകാരെ നേര്‍ക്കുനേര്‍ നിറുത്തി. ബോധവും കാഴ്ചയും മങ്ങിയ അവര്‍ പരസ്പരം കണ്ണ് കുത്തിപൊട്ടിച്ചു. വിറങ്ങലിച്ച കൈകൊണ്ട് കൊല നടത്തി. കൈകൊട്ടി ചിരിച്ചു കൊണ്ട് ചക്രവര്‍ത്തി ഹിരോഹിതയുടെ ഇഷ്ടക്കാരന്‍ സര്‍ജന്‍ ജനറല്‍ ഇഷി അതു എഴുതി.
യൂണിറ്റില്‍ 3607 ആളുകള്‍ ജോലിചെയ്തു. 52 സര്‍ജന്‍, 49 എഞ്ചിനീയര്‍, 39 നഴ്‌സ്,1117 മെഡിക്കല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ.
ഇവര്‍ക്ക് കൂട്ടായി കൊറിയയിലെ സുഖദായികള്‍ (കംഫര്‍ട് വുമണ്‍) ഉണ്ടായിരുന്നു. കൊറിയയില്‍ നിന്ന് കടത്തിയ കൊച്ചു പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത് കംഫര്‍ട് സ്റ്റേഷന്‍ എന്ന കൂടാരങ്ങളില്‍. പിന്നീട് ഇവരെ പുനരധിവസിപ്പിച്ചു. 90 വയസാണ് ശരാശരി പ്രായം. ഇല അനങ്ങിയാല്‍ പോലും അവര്‍ ഇന്നും ഞെട്ടുന്നു. ഇവര്‍ക്കായി ജപ്പാന്‍ മാപ്പു പറയണം എന്ന ആവശ്യം ശക്തമാണ്.

പരമ രഹസ്യമായിരുന്നു ഇവിടത്തെ പ്രവര്‍ത്തനം. ഇന്നും പല ജപ്പാന്‍കാര്‍ക്കും ഇതിനെ പറ്റി അറിയില്ല. ആദ്യം തടിമില്ലിന്റെ മറവില്‍. പിന്നീട് ജലശുദ്ധീകരണ ഫാക്ടറിയുടെ. ഏതാണ്ട് നാസി ക്യാമ്പിനെ അനുസ്മരിപ്പിക്കുന്ന ഇത് ഇന്നൊരു മ്യൂസീയം ആണ്. തടവുകാരെ കൊണ്ട് വന്ന പഴയ റെയില്‍പാളവും ഭാര്‍ഗവീ നിലയം പോലുള്ള കെട്ടിടങ്ങളും കാണാം. മരിച്ചവരുടെ മൃതദേഹം കത്തിക്കുന്ന ചൂള 24 മണിക്കൂറും പ്രവര്‍ത്തിച്ചു.
പെരുച്ചാഴികളെ വളര്‍ത്തിയിരുന്ന നീളന്‍ കൂടുകളുടെ നിര. ഈ എലികളില്‍ പ്ലേഗിന്റെ അണുക്കള്‍ കുത്തിവെച്ച് പിന്നീട് അത് ഈച്ചകളിലൂടെ ലക്ഷക്കണക്കിന് ചൈനക്കാരില്‍ പരത്തുന്ന ജൈവ യുദ്ധമുറയുടെ സിരാകേന്ദ്രം ഇവിടെയായിരുന്നു.

ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പേ ഇത്തരം ആയുധങ്ങള്‍ ഉപയോഗത്തിലുണ്ട്. പക്ഷേ ജനീവ കണ്‍വെന്‍ഷന്‍ ഇത് നിരോധിച്ചു. എങ്കിലും ജൈവ-രാസായുധ നിര്‍മാണത്തിന് വേണ്ടിയാണ് യൂണിറ്റ് 731 തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ട് മുമ്പായിരുന്നു രണ്ടാം സിനോ ജപ്പാന്‍ യുദ്ധം.
1947-ലെ പ്ലേഗ് ബാധയില്‍ നാലുലക്ഷം ചൈനക്കാര്‍ മരിച്ചു. വിമാനത്തിലും ബലൂണിലും ജൈവായുധങ്ങള്‍ ഇഷി പരത്തി. മറ്റൊരു പരീക്ഷണത്തില്‍ ചൈനക്കാരായ ജനങ്ങളുടെ കൈ കൊടുംതണുപ്പില്‍ വെച്ചശേഷം പൊള്ളുന്ന ചൂട് വെള്ളത്തിലിടും. പിന്നെ ജീവനോടെ മാംസം കാര്‍ന്നെടുക്കും.

ഒട്ടേറെ കുട്ടികള്‍ യൂണിറ്റ് 731-ല്‍ ജനിച്ചു. പക്ഷെ അവര്‍ ആരെ പറ്റിയും വിവരമില്ല. ആണിലും പെണ്ണിലും ഉഷ്ണരോഗം ഗവേഷണം നടത്തി. കുഞ്ഞുങ്ങള്‍ വരെ ഗിനി പന്നികളായി. ആളുകളില്‍ കുതിരയുടെയോ മറ്റു മൃഗങ്ങളുടെയോ രക്തം കുത്തി വെച്ചു.
യൂണിറ്റിലെ തടവുകാരുടെ മരണം പലവിധത്തിലായിരുന്നു. ചിലര്‍ ഗ്രനേഡ് പൊട്ടി, ചിലര്‍ ജൈവ ആയുധങ്ങള്‍ മൂലം. ചിലരെ ജീവനോടെ കുഴിച്ചുമൂടി. പ്രസവ സമയം അടുത്ത ഒരു ചൈനക്കാരിയെ തൊണ്ട മുതല്‍ ജനനേന്ദ്രിയം വരെ കത്തികൊണ്ട് കീറി. ഏതാണ്ട് പൂര്‍ണ വളര്‍ച്ച എത്തിയ കുഞ്ഞിനെ കാണാം ഈ ചിത്രത്തില്‍.

പ്ലേഗ് കൂടാതെ ടൈഫോയിഡ് , കോളറ എന്നിവയും വെള്ളത്തില്‍ കൂടി പരത്തി. ഇതില്‍ ചൈനയിലെ ഗ്രാമങ്ങളിലെ ആയിരങ്ങള്‍ മരിച്ചു.
പല നാടുകളില്‍ നിന്നായി ഇഷി വൈദ്യശാസ്ത്രത്തിലും ബയോ കെമിസ്ട്രിയിലും ഏറ്റവും മുന്തിയ അറിവ് കരസ്ഥമാക്കി. ഏറ്റവും കുറഞ്ഞ നേരം കൊണ്ടു കൂടുതല്‍ രോഗം പടര്‍ത്തുന്നതിനെ കുറിച്ചായിരുന്നു അയാളുടെ ചിന്ത എപ്പോഴും. ആന്ത്രാക്‌സ് എന്ന രോഗത്തിന്റെ അണുക്കളടങ്ങിയ മിഠായി കുട്ടികള്‍ക്ക് വ്യാപകമായി കൊടുത്തു.
അമേരിക്ക ബോംബിട്ട് ജപ്പാനെ മുട്ടുകുത്തിച്ചതിനു പിന്നാലെ ചക്രവര്‍ത്തി നിരുപാധികം കീഴടങ്ങി. അപകടം മണത്ത ഇഷി ഒളിവില്‍ പോയി.
ശിരോ ഇഷിയെ യുദ്ധാനന്തരം അമേരിക്ക കുറ്റവിമുക്തനാക്കി, പകരം യൂണിറ്റ് 731-ന്റെ മുഴുവന്‍ വിവരങ്ങളും കൈമാറണമെന്ന നിബന്ധനയോടെ. പക്ഷെ അമേരിക്കയുടെ പദ്ധതി നടപ്പായില്ല. അയാള്‍ 1959-ല്‍ മരിച്ചു(അന്ന് വയസ് 67). വര്‍ത്തമാനം പറയാനാവാതെ തൊണ്ടയിലെ അര്‍ബുദം മൂലം. ഇതേ നിബന്ധനയോടെ യൂണിറ്റിലെ പലര്‍ക്കും ശിക്ഷയില്‍ നിന്ന് മോചനം കിട്ടി.

1998 വരെ ജപ്പാന്‍ അങ്ങനെ ഒരു യൂണിറ്റ് ഉണ്ടായിരുന്നില്ല എന്ന് വാദിച്ചു, അന്തര്‍ ദേശീയ കോടതി അത് തെറ്റാണെന്നു തീര്‍പ്പു കല്‍പിക്കുംവരെ. സോവിയറ്റ് യൂണിയന്‍ ഇവരില്‍ 11 പേരെ ശിക്ഷിച്ചു- 25 കൊല്ലം വരെ സൈബീരിയയിലെ അതിശൈത്യ ജയില്‍ ശിക്ഷ.
അവലംബം:
1. യൂണിറ്റ് 731, സാത്താന്റെ പരീക്ഷണ ശാല- കിഴക്കന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് (Unit 731: Laboratory of the Devil, Auschwitz of the East )2. Daily mail 8 May 2018
3. https://www.imdb.com/title/tt4876742
4. Unit 731 – Nightmare in Manchuria – History Channel
5.https://youtu.be/d4Q9fGee4QA
