English हिंदी

Blog

farmers-protest

അഖില്‍-ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുമ്പോഴാണ് ഇന്ത്യന്‍ മാധ്യമ രംഗം ഇത്രമാത്രം മനലീമസമാണെന്ന് നാം ഓര്‍ത്തുപോകുക. കര്‍ഷക സമരത്തെ സംബന്ധിച്ച യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തമായിട്ടും കര്‍ഷകരെയും അവരുടെ ആവശ്യങ്ങളെയും ഇത്രമാത്രം തെറ്റിദ്ധരിക്കുന്ന രീതിയില്‍ വികലമാക്കി അവതരിപ്പിക്കുന്നതും നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്. പ്രാദേശിക ചാനലുകളും, പത്രങ്ങളും പക്ഷഭേദമില്ലാതെ വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിക്കുമ്പോള്‍, ഹിന്ദി ബെല്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ചാനലുകളാണ് മാധ്യമങ്ങളെ ആകമാനം അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത്. ഈ ചാനലുകളെല്ലാം ബിജെപി അനുകൂലമായി ഏതു വിഷയവും കാണുകയും നിറംപിടിപ്പിച്ച വാര്‍ത്തകളും വിശകലനങ്ങളും അവതരിപ്പിക്കുന്നവരുമാണ്. ബിജെപി അനുകൂല വന്‍കിട കോര്‍പ്പറേറ്റുകള്‍ നേരിട്ടു നടത്തുന്നതോ അവരില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കുന്നവരോ ആണ് ഈ ചാനലുകള്‍.

‘റിപ്പബ്ലിക് ടിവി, സീ ടിവി, എ.ബി.പി, ഇന്ത്യാ ടുഡേ’ തുടങ്ങിയ ചാനലുകളെ ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഘു ബോര്‍ഡറിലെ സമരപ്പന്തലില്‍ നിന്നും കര്‍ഷകര്‍ തടയുന്ന അവസ്ഥ പോലും ഉണ്ടായി. ‘ഗോദി മീഡിയ’ ദത്തെടുക്കപ്പെട്ട മാധ്യമം എന്ന അര്‍ത്ഥത്തില്‍ അവയെ പേരെടുത്ത് വിമര്‍ശിക്കുകയും സമരവേദിയില്‍ വിലക്കുകയും ചെയ്തു. ഈ ചാനലുകളെ വിലക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. കലാ-സാഹിത്യ രംഗത്തുള്ളവര്‍ തങ്ങളുടെ രാഷ്ട്രീയ രുചിഭേദങ്ങള്‍ക്ക് അനുസൃതമായി അവയെല്ലാം ഏറ്റെടുക്കുകയും വിദ്വേഷം നിറഞ്ഞ വായ്ത്താരികളോടെ പോരാടുകയും ചെയ്തു.

സമൂഹത്തില്‍ ദുരവ്യാപിയായ വിപരീതഫലം ഉണ്ടാക്കുന്ന പ്രവണതയാണ് ഈ മാധ്യമ സ്ഥാപനങ്ങള്‍ പിന്തുടരുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവയില്‍ പ്രധാനം പെതുജനങ്ങള്‍ക്ക് അറിയാനുള്ള അവകാശത്തെ നിഷേധിക്കല്‍ തന്നെയാണ്. സത്യത്തെ വളച്ചൊടിക്കുക വഴി സമൂഹത്തിന്റെ പൊതുവായ നന്മയും ഐക്യവും തടസ്സപ്പെടുത്തുകയാണ്. ഏറ്റവും ദുഷിച്ച കാര്യം മനുഷ്യ മനസ്സുകളെ വിഷലിപ്തമാക്കുയും സമൂഹത്തെ പല തട്ടുകളിലായി ഭിന്നിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. പൗരത്വ ബില്ലിനെതിരെ ഉണ്ടായ സമരങ്ങളിലും വിഷം വമിപ്പിക്കുന്ന വേര്‍തിരിവും വിഭാഗീയതയും കാണപ്പെട്ടു. അത് ഒരു മതവിഭാഗത്തിനെതിരായ അഭിപ്രായ രൂപീകരണത്തിനും ശത്രുതയ്ക്കും കാരണമായെങ്കില്‍ കര്‍ഷകസമരം രാജ്യത്തിന്റെ നിലനില്‍പ്പായ കര്‍ഷകരെ ദേശദ്രോഹികളും, പൊതുജന വിരുദ്ധരുമായി ചിത്രീകരിക്കുകയാണുണ്ടായത്.

Also read:  മുതിര്‍ന്ന പൗരന്‍മാര്‍ക്കും എസ്‌.ഐ.പി വഴി നിക്ഷേപിക്കാം

ഭരണകൂടങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്തകളെയും വീക്ഷണങ്ങളെയും മാധ്യമങ്ങള്‍ എക്കാലത്തും രൂപപ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ ഇത്രയും വീഭാഗീയതയും പക്ഷഭേദവും വിദ്വേഷവും നിറഞ്ഞ പ്രകടനം ഒരു പക്ഷെ ഈ രീതിയില്‍ മുമ്പുണ്ടായിട്ടില്ല. ആധുനിക ലോകത്ത് ഒരിടത്തും സ്വന്തം പൗരന്മാര്‍ക്കിടയില്‍ മാധ്യമങ്ങള്‍ ഇത്രമാത്രം വിഭാഗീയതയെയും, പരസ്പര സര്‍ദ്ധയെയും പ്രോത്സാഹിപ്പിക്കുന്നതായി അറിവില്ല. കാരണം ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും അത്രമാത്രം ജാഗരൂകരാണ്, ലോകത്തിന്റെ ഏതു കോണില്‍ നിന്നും വാര്‍ത്തകളും ദൃശ്യങ്ങളുമെത്താന്‍ നിമിഷങ്ങള്‍ മാത്രം മതിയാകും.

രാജ്യത്തിനകത്ത് തന്നെ അന്ത:ഛിദ്രങ്ങളുടെ വിത്തുപാകുന്നവര്‍ തന്നെ പിന്നീട് ഈ പ്രചാരണങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയെത്തുമ്പോള്‍ അതെപ്പറ്റി വിലപിക്കുന്നു. ഗുജറാത്ത് കലാപം മുതല്‍ ഇന്ത്യയില്‍ നടന്ന ഏതു വംശീയ കലാപങ്ങള്‍ നിരീക്ഷിച്ചാലും ഈ കാര്യം വ്യക്തമാകും ഒരു വിഭാഗം മാധ്യമങ്ങള്‍ എക്കാലവും കലാപങ്ങളെ ന്യായീകരിക്കും. ജീവന്‍ മാത്രം ബാക്കിയായ ഇരകളുടെ മുറിവില്‍ ഉപ്പുതേയ്ക്കുന്ന നടപടിയാണിത്. കലാപങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ എക്കലാവും സംഘടിതരായി തങ്ങളെതന്നെ ന്യായീകരിക്കാന്‍ ഒരുക്കി നിര്‍ത്തിയ തൊഴിലാളികള്‍ കൂട്ടമായി സാമൂഹീക മാധ്യമങ്ങളും പൊതുമാധ്യമങ്ങളിലുമെത്തി തങ്ങളുടെ വാദം സ്ഥാപിക്കുന്നു. ഇത്തരക്കാര്‍ എവിടെയുമുണ്ട്, അടുത്ത കാലത്ത് കേരളത്തില്‍ ഒരു സിനിമ നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തെ ന്യായീകരിക്കാന്‍ ഇപ്പോഴും നടത്തുന്ന ശ്രമങ്ങള്‍ തന്നെ മികച്ച ഉദാഹരണം. എന്നാല്‍ ഉത്തരേന്ത്യയെ സംബന്ധിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ മുഖ്യധാര മാധ്യമങ്ങളെ വിലയ്ക്കെടുത്ത് തങ്ങളുടെ രാഷ്ട്രീയ -സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് പ്രവണത.

അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഒരു പ്രസ്ഥാവന അസത്യവും വിഭാഗീയത ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞ് അമേരിക്കന്‍ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും അത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. നമ്മുടെ രാജ്യത്തായിരുന്നെങ്കില്‍ ഏതു വിഡ്ഢിത്തം വിളമ്പിയാലും അത് ഏറ്റെടുത്ത് ആഘോഷിക്കാന്‍ ഇവിടെ മാധ്യമങ്ങള്‍ മത്സരിക്കും. ലോകത്തെ വമ്പന്‍ ജനാധിപത്യമെന്ന് അഹങ്കരിക്കുമ്പോഴും പക്വതയുടെ ബാല്യം പിന്നിടാത്തവരാണ് നാമെന്ന് ലോകത്തോട് വിളമ്പരം ചെയ്യുകയാണ്. പരിഷ്‌കൃത ലോകത്തില്‍ തങ്ങളുടെ പ്രസിഡന്റ് മൂലം അപഹാസ്യരാകും എന്ന തിരിച്ചറിവാണ് അമേരിക്കന്‍ ജനതയെ ട്രംപിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെങ്കില്‍ രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ പലതട്ടുകളായി വിഭജിച്ച ഇന്നത്തെ പ്രധാനമന്ത്രിക്ക് ദൈവീക പരിവേഷം നല്‍കി മൃഗീയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും, അതുമൂലം അവശേഷിച്ച രാജ്യത്ത് ഐക്യത്തിന്റെ അവശേഷിച്ച തുരുത്തുകളും കൂടി ഇല്ലാതാക്കാനുമാണ് ഇവിടെ ശ്രമം. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉടനെ ഇന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്, ‘അമേരിക്കയുടെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനാണ് നാം ശ്രമിക്കേണ്ടത്, വംശീയമായി വിഘടിതമായ സമൂഹത്തെ ഒരുമിപ്പിക്കലാണ് നമ്മുടെ ദൗത്യം, നമുക്കെല്ലാവര്‍ക്കും ഈ ഒറ്റലക്ഷത്തിനുവേണ്ടി ശ്രമിക്കാം.’

Also read:  കര്‍ഷകര്‍ ശ്രമിക്കുന്നത് രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍, അവരെ പിന്തുണയ്ക്കലാണ് ജനാധിപത്യം: വെട്രിമാരന്‍

ഇനി നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവ ഗതികള്‍-2014-ല്‍ കര്‍ഷകരുടെ ഭൂമി അധിനിവേശ ബില്ല്, 2018-ല്‍ പ്രൗരത്വ ബില്ല്, 2020-ല്‍ കാര്‍ഷീക ബില്ല് എന്നിവയിലൂടെ തുടര്‍ച്ചയായി ജനങ്ങളെ തമ്മിലടിപ്പിക്കുകയും, പരസ്പരം വിദ്വേഷം മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ നേതാക്കളും പാശ്ചാത്യ ലോകവും എവിടെ നില്‍ക്കുന്നു, ചിന്തിക്കണം.

നമ്മുടെ നേതാക്കള്‍ തന്നെയാണ് മാതൃരാജ്യ സ്നേഹത്തിനും, ദേശഭക്തിക്കുമെല്ലാം വിവിധ ഭാഷ്യങ്ങള്‍ ചമച്ചത്. ഇന്ത്യയുടെ പ്രതിഛായ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഏതുവിധത്തിലാണ് എന്നും ചിന്തനീയമാണ്. രാജ്യത്തിന്റെ അന്നദാതാക്കല്‍ 17-ദിവസമായി തെരുവില്‍, കടുത്ത തണുപ്പില്‍ നിലനില്‍പ്പിനായുള്ള സമരം നടത്തുമ്പോഴാണ് നിരന്തരം വെറുപ്പിന്റെയും നിന്ദയുടെയും പര്യായങ്ങള്‍ പോലെ നമ്മുടെ ഒരു വിഭാഗം മാധ്യമങ്ങളും വെറുപ്പും അസഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നത്.

‘ചലോ ഡല്‍ഹി’ കര്‍ഷകമാര്‍ച്ചിന്റെ രാജ്യതലസ്ഥാനത്തേയ്ക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. ഹരിയാനയിലെ ജിടി കര്‍ണാല്‍ റോഡില്‍ ആളുയരത്തിലുളള കോണ്‍ക്രീറ്റ് ബ്ലോക്കുകളും, പൂഴിനിറച്ച വിലയ ട്രക്കുകളും നിരത്തിയാണ് ഹരിയാന പോലീസ് കര്‍ഷകരെ നേരിട്ടത്. ദേശീയ പാതകളില്‍ എട്ടടിയോളം ആഴമുള്ള കിടങ്ങുകള്‍, തൊട്ടാല്‍ ശരീരത്തിലെ മാംസം ചീന്തിയെടുക്കുന്ന ലോഹമുനയുള്ള മുള്ളുവേലികള്‍, വൃത്തിഹീനമായ വെള്ളം നിറച്ച ജലപീരങ്കി, കണ്ണീര്‍ വാതകം, പോലീസിന്റെ ലാത്തിയടി ഇവയെല്ലാം അതിജീവിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയിലെത്തിയത്.

സമര വേദിയില്‍ ദേശീയ മാധ്യമങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിച്ചവരാകട്ടെ ഭരിക്കുന്ന പാര്‍ട്ടിയുടെ പണം കൈപ്പറ്റി ഖാലിസ്ഥാന്‍ ഭീകരര്‍, രാജ്യദ്രോഹികള്‍ തുടങ്ങിയുടെ വിശേഷണങ്ങളോടെയാണ് കര്‍ഷകരെ നേരിട്ടത്. പാകിസ്ഥാന്‍ -ചൈന ചാരന്മാര്‍ എന്ന വിശേഷണങ്ങളും രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ വകയായി ചാര്‍ത്തികൊടുത്തു.

Also read:  കര്‍ഷക പ്രക്ഷോഭത്തിന് വൈദ്യുതി ജീവനക്കാരുടെ വക 6 ലക്ഷം രൂപ

ശക്തമായ പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയരംഗം, സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടന സ്ഥാപനങ്ങളും, കോടതികളും ഭരിക്കുന്ന പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്ക് വഴിപ്പെടുന്ന അവസ്ഥ, വേറൊരര്‍ത്ഥത്തില്‍ ഭരണ തലത്തിലെല്ലാം സ്വന്തം ആശയഗതിക്കാരെ നിയമിക്കല്‍. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ പോലീസും മറ്റ് അന്വേഷണ സംവിധാനങ്ങളും ഉപയോഗിക്കപ്പെടുമ്പോള്‍, മുമ്പില്ലാത്ത വിധം ഒരു രാജ്യം അതിന്റെ പൗരന്മാരെ സമരങ്ങളിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യം ഏകാധിപത്യ പ്രവണതകളിലേക്ക് നന്നടുക്കുന്നതിന്റെ തളിവുകളാണ് ഇവയെല്ലാം എന്ന് അന്താരാഷ്ട്ര സംഘടനകളും ലോകനേതാക്കളും പറയുന്നു.

ഇല്ലാത്ത ശത്രുവിന് വേണ്ടി വാങ്ങി സൂക്ഷിക്കുന്ന വിലയേറിയ ആയുധങ്ങളും വിമാനങ്ങളുമെല്ലാം വിശന്നൊട്ടിയ ദരിദ്രകോടികളുടെ അന്നമാകേണ്ടുന്ന പണമാണ് എന്ന തിരിച്ചറിവ് ഉണ്ടാകുന്ന കാലം നമുക്ക് ഇനിയും വിദൂരമാണ്. ലോകം മഹാമാരിയില്‍ ഉഴലുമ്പോള്‍, സാമ്പത്തീക തകര്‍ച്ചകളും തൊഴിലില്ലായ്മയും ജനജീവിതങ്ങളെ ഞെരുക്കുമ്പോള്‍ ആഡംബര വിമാനങ്ങളും, പ്രൗഢമന്ദിരങ്ങളും ആവശ്യമാണോ. ഈ ചോദ്യങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും ചിന്താമണ്ഡലങ്ങളില്‍ ഉയരാതിരിക്കാനാണ് മതഭ്രാന്ത് ഇളക്കിവിടുന്ന തരത്തിലുള്ള പൊള്ളയായ വാദപ്രതിവാദങ്ങളും ഭിന്നിപ്പിക്കുന്ന പക്ഷം ചേരലുകളും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്.

നിലനില്‍പ്പിനായുള്ള സമരം ചെയ്യുന്ന കര്‍ഷകരെ ആക്ഷേപിക്കുന്നതും, അവരുടെ ആത്മവീര്യം ചോര്‍ത്തുന്ന പ്രചാരണങ്ങളും ഈ വീക്ഷണ കോണില്‍ നിന്നും വേണം വായിച്ചെടുക്കാന്‍, കാരണം അവര്‍ പ്രചരിപ്പിക്കുന്ന സംവാദം ഏതാനും ചില സന്നന്ന വര്‍ഗത്തിന്റെ താല്‍പര്യങ്ങളാണ്, അതില്‍ വീഴാതിരിക്കാന്‍ ജനപക്ഷത്തിന്റെ പാതയാണ് സ്വീകരിക്കേണ്ടത്. കാരണം റേഷന്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നവര്‍ ഉള്ളിടത്തോളം കാലം, കര്‍ഷകസമരം കര്‍ഷകര്‍ക്ക് വേണ്ടി മാത്രമല്ല, അത് ഈ നാട്ടിലെ സാധാരണക്കാരനും പാവപ്പെട്ടവനും, തൊഴിലാളിക്കും വേണ്ടിയാണ്.

കര്‍ഷകന്‍ തളരുമ്പോള്‍ ഇന്ന് നാം സ്വരക്കൂട്ടിയ ധാന്യപ്പുരകള്‍ ശൂന്യമാകും, അന്നും സമ്പന്നവര്‍ഗം ജീവിക്കും, കാരണം അവരുടെ കരുതല്‍ ധനം ലോകത്തെവിടെ നിന്നായാലും ഭക്ഷണം കൊണ്ടുവരും. എന്നാല്‍ വലിയ മാളുകളില്‍ സമ്പന്നരുടെ മാര്‍ക്കറ്റുകളില്‍ കയറിചെല്ലാന്‍ കഴിയാത്തവരും ഈ നാട്ടിലുണ്ട് അവര്‍ക്കും ജീവിക്കാനധികാരമുണ്ട്, ഈ രാജ്യവും സംസ്‌കാരവും തീര്‍ച്ചയായും അവരുടേതുകൂടിയാണ്.