കാസര്‍ഗോഡ്: ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസിലെ വഞ്ചന കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് കമറുദ്ദീന്റെ വാദം.
എന്നാല്‍ കമറുദ്ദീനെതിരായ വകുപ്പുകള്‍ റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എം. സി കമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ടന്നും വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
നിലവില്‍ നൂറിലേറെ കേസുകളാണ് എം. സി കമറുദ്ദീന്‍ എംഎല്‍എക്കും കൂട്ട് പ്രതിയായ പൂക്കോയ തങ്ങള്‍ക്കുമെതിരെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡയറക്ടര്‍മാരുള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതേസമയം ഒളിവില്‍ പോയ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മകന്‍ ഹിഷാം, ബന്ധു സൈനുല്‍ ആബിദീന്‍ എന്നിവരെ അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.