മലപ്പുറം: നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവര്‍ രാജിവച്ചു. 33 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് ഒന്‍പത് വാര്‍ഡുകളില്‍ മാത്രമായിരുന്നു. നഗരസഭയിലെ യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ പോലും ചെറിയ ഭൂരിപക്ഷമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.
ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥിന്റെ തോല്‍വി കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാക്കി. സിറ്റിംഗ് സീറ്റുകള്‍ പലതും തോറ്റത് ആര്യാടന്‍ മുഹമ്മദിന്റെ ധാര്‍ഷ്ട്യമാണെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. കെപിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്യാടന്‍മാരുടെ ശിഖണ്ഡികളാണ് സ്ഥാനാര്‍ത്ഥികളായതെന്നും തോല്‍വി ആര്യാടന്‍ കുടുംബാധിപത്യത്തിന് ഏറ്റ തിരിച്ചടിയാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.











