കെ.അരവിന്ദ്
കഴിയാഴ്‌ച ക്ലോസ് ചെയ്‌ത നിലവാരത്തില്‍ തന്നെയാണ് ഈയാഴ്‌ചയും ഓഹരി വിപണി ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് 50,000 പോയിന്റ് മറികടക്കുകയും നിഫ്‌റ്റി 14,700ന് മുകളിലേക്ക് ഉയരുകയും ചെയ്‌തത് ഈയാഴ്‌ചയാണെങ്കിലും അതിനു ശേഷമുണ്ടായ ലാഭമെടുപ്പാണ് ഈയാഴ്‌ചയിലെ നേട്ടം ഇല്ലാതാക്കിയത്.
നിഫ്‌റ്റി 14,753 പോയിന്റ് വരെ ഉയര്‍ന്നതിനു ശേഷം ചാഞ്ചാട്ടം നേരിടുന്നതാണ് കണ്ടത്. ഇന്നലെ 14,400ന് മുകളിലായി ക്ലോസ് ചെയ്യുന്നതില്‍ നിഫ്‌റ്റി പരാജയപ്പെട്ടു. ടാറ്റാ മോട്ടോഴ്‌സ് ആണ് കഴിഞ്ഞയാഴ്‌ച നിഫ്‌റ്റിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ച ഓഹരി. ഒരാഴ്‌ച കൊണ്ട് 11 ശതമാനം നേട്ടമാണ് ഈ ഓഹരി കൈവരിച്ചത്.
പൊതുവെ കമ്പനികളുടെ ത്രൈമാസ പ്രവര്‍ത്തന ഫലങ്ങള്‍ മികച്ചതായിരുന്നു. ഏഷ്യന്‍ പെയിന്റ്‌സ് മൂന്നാം ത്രൈമാസത്തില്‍ 62 ശതമാനം ലാഭവളര്‍ച്ച നേടി. 1,238.3 കോടി രൂപയാണ് ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ഏഷ്യന്‍ പെയിന്റ്‌സിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ 764 കോടി രൂപയായിരുന്നു ലാഭം.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.ബി മൂന്നാം ത്രൈമാസത്തില്‍ 89 ശതമാനം ലാഭവളര്‍ച്ച നേടി. 53 കോടി രൂപയാണ് ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ സിഎസ്‌ബിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 28.14 കോടി രൂപയായിരുന്നു ലാഭം.
ഫെഡറല്‍ ബാങ്ക് മൂന്നാം ത്രൈമാസത്തില്‍ ലാഭത്തില്‍ 8 ശതമാനം ഇടിവ് നേരിട്ടു. 404 കോടി രൂപയാണ് ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ഫെഡറല്‍ ബാങ്കിന്റെ ലാഭം. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 441 കോടി രൂപയായിരുന്നു ലാഭം. അതേ സമയം വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരുന്നു ഫെഡറല്‍ ബാങ്കിന്റെ ക്യു 3 റിപ്പോര്‍ട്ട്.
സൂചികകളായ നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള റിലയന്‍സ് ഇന്റസ്‌ട്രീസ് ഇന്നലെ പുറത്തുവിട്ട മൂന്നാം ത്രൈമാസ പ്രവര്‍ത്തനഫലം വളരെ മികച്ചതാണ്. അടുത്തയാഴ്‌ച റിലയന്‍സിന്റെ ഓഹരി ശക്തമായി ഉയരുകയാണെങ്കില്‍ അത് വിപണിക്ക് തുണയാകും.
ടെക്‌നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തില്‍ നിഫ്‌റ്റിക്ക് 14,370ലാണ് താങ്ങുള്ളത്. ഇന്നലെ ഈ നിലവാരത്തില്‍ നിന്ന് താഴേക്ക് ഇടിഞ്ഞെങ്കിലും ക്ലോസ് ചെയ്‌തത് 14,371ലാണ്. ഈ നിലവാരം താങ്ങായി തുടരും. 14,370 ഭേദിച്ച് നിഫ്‌റ്റി ഇടിയുകയാണെങ്കില്‍ വില്‍പ്പന സമ്മര്‍ദം ശക്തമാകാന്‍ സാധ്യതയുണ്ട്. 14,000 ആണ് അടുത്തുള്ള താങ്ങ് നിലവാരം. തിങ്കളാഴ്‌ച 14,370ന് മുകളിലേക്ക് നിഫ്‌റ്റി ഉയരുകയാണെങ്കില്‍ 14,540ല്‍ പ്രതിരോധം പ്രതീക്ഷിക്കാം.












