കെ.അരവിന്ദ്
ഓഹരി വിപണി ഈയാഴ്‌ച നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്‌ചത്തെ നേട്ടം മുഴുവന്‍ നഷ്‌ടമാകുന്നതിന് വിപണിയിലെ തിരുത്തല്‍ വഴിവെച്ചു. നിഫ്‌റ്റിയും സെന്‍സെക്‌സും ഈയാഴ്‌ച ഒരു ശതമാനത്തിലേറെ ഇടിഞ്ഞു.
സര്‍ക്കാരിന്റെ ഒട്ടേറെ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെട്ട ബജറ്റിനെ തുടര്‍ന്ന് കുതിച്ചുകയറിയ നിഫ്‌റ്റി 15,500ന് അടുത്തെത്തിയതിനു ശേഷം ഒരു തിരുത്തല്‍ നേരിട്ടത് പലിശനിരക്ക് ഉയരുന്നതിന്റെ ചക്രം ആരംഭിക്കാറായോ എന്ന ആശങ്കയാണ്. അവസാനത്തെ ധന നയ അവലോകന യോഗങ്ങളില്‍ പലിശ നിരക്ക് മാറ്റമില്ലാതെ തുടരാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡ് 6.13 ശതമാനമായാണ് ഉയര്‍ന്നത്. ഇതാണ് ഓഹരി വിപണിയിലെ തിരുത്തലിന് വഴിവെച്ചത്.
തിങ്കളാഴ്‌ച 1300 പോയിന്റ് നേട്ടം രേഖപ്പെടുത്തിയ ബാങ്ക് നിഫ്‌റ്റി അതിനു ശേഷമുള്ള നാല് ദിവസം കൊണ്ട് 1600 പോയിന്റാണ് ഇടിഞ്ഞത്. സ്വകാര്യ മേഖലാ ബാങ്കുകളാണ് പ്രധാനമായും തിരുത്തല്‍ നേരിട്ടത്.
വെള്ളിയാഴ്ച എല്ലാ മേഖലകളിലെ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായി. ഇത് വിപണിയിലെ തിരുത്തലിന്റെ ആക്കം കൂട്ടുകയാണ് ചെയ്‌തത്.
തിരുത്തല്‍ തുടരാനാണ് സാധ്യത നിലനില്‍ക്കുന്നത്. 15,000ലെ താങ്ങ് ഭേദിച്ച സാഹചര്യത്തില്‍ നിഫ്‌റ്റിക്ക് 14,650ലാണ് അടുത്ത താങ്ങുള്ളത്. 15,200ലാണ് പ്രതിരോധം.