കെ.അരവിന്ദ്
ഒരു നിശ്ചിത റേഞ്ചിനുള്ളില്‍ നിന്നുകൊണ്ട് ഓഹരി വിപണി വ്യാപാരം ചെയ്യുന്നതാണ് ഈയാഴ്‌ച കണ്ടത്. 11,377 പോയിന്റില്‍ നിഫ്‌റ്റിക്കുള്ള ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ സാധിച്ചില്ല. ചൊവ്വാഴ്‌ച ഈ നിലവാരത്തിന് അടുത്തെത്തിയെങ്കിലും വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് താഴേക്ക് പോയി. അതേ സമയം 11,240 പോയിന്റിന് താഴേക്ക് നിഫ്‌റ്റി ഇടിഞ്ഞതുമില്ല. 100-150 പോയിന്റിന് അപ്പുറത്തേക്ക് വ്യതിയാനം ഇല്ലാത്ത വിധം കടുത്ത റേഞ്ചിനുള്ളില്‍ നിന്നുകൊണ്ടാണ് നിഫ്‌റ്റി വ്യാപാരം ചെയ്‌തത്. അതേ സമയം ഈ റേഞ്ചിനുള്ളില്‍ തന്നെ കടുത്ത ചാഞ്ചാട്ടമാണ് കണ്ടത്.
മുന്‍ വാരങ്ങളില്‍ വിപണിയെ മുന്നോട്ടേക്ക് നയിച്ച ഓഹരികള്‍ ആയിരുന്നില്ല ഈയാഴ്‌ച വിപണിയെ സ്വാധീനിച്ചത്. കഴിഞ്ഞ വാരം സ്വകാര്യ ബാങ്കുകളും റിലയന്‍സ് ഇന്റസ്‌ട്രീസുമാണ് വിപണിയിലെ മുന്നേറ്റത്തെ നയിച്ചത്. അതേ സമയം ഈയാഴ്‌ച റിലയന്‍സ് ഒരു റേഞ്ചിനുള്ളില്‍ വ്യാപാരം ചെയ്യുന്നതാണ് കണ്ടത്. സ്വകാര്യ ബാങ്കുകളുടെ ഓഹരികളില്‍ വില്‍പ്പന ദൃശ്യമാവുകയും ചെയ്‌തു. അതേ സമയം പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എല്‍&ടിയിലും മുന്നേറ്റം ദൃശ്യമായി. നേരത്തെ വിപണിയിലുണ്ടായ മുന്നേറ്റത്തില്‍ കാര്യമായി പങ്കാളിത്തമില്ലാതിരുന്ന ഓഹരിയാണ് എല്‍&ടി.
കോവിഡ് സംബന്ധിച്ച വാര്‍ത്തകളോട് കാര്യമായ പ്രതികരണം വിപണിയിലുണ്ടായില്ല. റഷ്യ വാക്‌സിന് അംഗീകാരം നല്‍കിയെന്ന വാര്‍ത്ത ഒരു ദിവസം മാത്രമാണ് വിപണിയില്‍ ചലനമുണ്ടാക്കിയത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതു സംബന്ധിച്ച വാര്‍ത്തകളും വിപണി അവഗണിച്ചു. റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്‌ച നടത്തിയ പ്രഖ്യാപനങ്ങളുടെ അലയൊലികള്‍ ഈയാഴ് ച തുടര്‍ന്നതുമില്ല.
നിശ്ചിത റേഞ്ചിനുള്ളില്‍ നിന്നു കൊണ്ടു തന്നെയായിരിക്കും അടുത്തയാഴ്‌ചയും വിപണി നീങ്ങുകയെന്നാണ് കരുതുന്നത്. 11,,377 ലാണ് നിഫ്‌റ്റിയുടെ സമ്മര്‍ദം. അത് ഭേദിച്ചാല്‍ 11,550ല്‍ ആണ് അടുത്ത സമ്മര്‍ദമുള്ളത്. 11,000ലാണ് താങ്ങുള്ളത്. അത് ഭേദിച്ച് താഴേക്കു പോയാല്‍ അടുത്ത താങ്ങ് 10,800ലാണ്. 11,000നും 11,377നും ഇടയില്‍ അടുത്തയാഴ്‌ചയും വ്യാപാരം ചെയ്യാനാണ് സാധ്യത. ഈ റേഞ്ച് ഭേദിക്കണമെങ്കില്‍ എന്തെങ്കിലും സുപ്രധാന സംഭവങ്ങളുണ്ടാകണം. ധനലഭ്യത നിലനില്‍ക്കുന്നതാണ് വിപണിയെ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. ചാഞ്ചാട്ടം അടുത്തയാഴ്‌ചയിലും തുടരാനാണ് സാധ്യത.