മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ടീം സെലക്ഷന്‍ നടപടി ക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും ബംഗാള്‍ രഞ്ജി ടീം മുന്‍ നായകനുമായ മനോജ് തിവാരി. ഒരു ദേശീയ മാധ്യമവുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് തിവാരി നിലപാട് വ്യക്തമാക്കിയത്.
അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ എല്ലാവര്‍ക്കും കാണാനാകുന്ന തരത്തില്‍ സുതാര്യമാക്കണമെന്നാണ് തിവാരിയുടെ അഭിപ്രായം. തത്സമയ സംപ്രേക്ഷണം ചെയ്യാനുള്ള നടപടി സ്വീകരിച്ചാല്‍ ടീം തെരഞ്ഞെടുപ്പ് നീതിയുക്തമാണോയെന്ന് എല്ലാവര്‍ക്കും കണ്ടു മനസിലാക്കാനാകുമെന്ന് തിവാരി പറഞ്ഞു. ഓരോ താരത്തിനും വേണ്ടി ഏത് സെലക്ടറാണ് സംസാരിക്കുന്നതെന്നും ആ സെലക്ടറുടെ വാദങ്ങള്‍ എന്തൊക്കെയാണെന്നും ഇതിലൂടെ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചില താരങ്ങളെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യം ഉയരുമ്പോള്‍ സ്വഭാവികമായും ഓരോ സെലക്ടര്‍മാരും പരസ്പരം പഴിചാരുകയാണ് പതിവ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും മനോജ് തിവാരി ചൂണ്ടിക്കാട്ടി.