ഇടുക്കി: മാന്നാറില്‍ സ്വര്‍ണക്കടത്തു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസിന്റെ റിപ്പോര്‍ട്ട് ഇന്ന് കസ്റ്റംസിന് കൈമാറിയേക്കും. തട്ടിക്കൊണ്ടുപോയതിനു കാരണമായ സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. ഇന്നലെ മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
തട്ടിക്കൊണ്ടുപോകലിന് ഇരയായ മാന്നാര്‍ കുരട്ടിക്കാട് സ്വദേശി ബിന്ദുവില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വൈകാതെ വീണ്ടും കസ്റ്റംസ് സംഘം മാന്നാറിലെത്തും. സ്വര്‍ണക്കടത്ത് സംഘവുമായി ബിന്ദുവിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമായ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെയും സഹായിച്ചവരെയും ഈ റാക്കറ്റിലെ കണ്ണികളെയും അധികം താമസിക്കാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്.
അതേസമയം സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ബിന്ദു പറയുമ്പോഴും ദുരൂഹതകള്‍ ബാക്കിയാണ്. സ്വര്‍ണം കൊണ്ടുവന്നു എന്നും മാലിയില്‍ ഉപേക്ഷിച്ചു എന്നും യുവതി സമ്മതിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സ്വര്‍ണമാണ് തന്നുവിട്ടതെന്ന് അറിഞ്ഞതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, സ്വര്‍ണം കൊടുത്ത ഹനീഫയെയും അയാളുടെ ആള്‍ക്കാരെയും യുവതിക്ക് നല്ല പരിചയമുണ്ട്.
ഭര്‍ത്താവ് ദുബായില്‍ സ്വകാര്യ ടാക്സി ഓടിച്ചിരുന്നപ്പോള്‍ ഹനീഫയ്ക്കുവേണ്ടി പലസ്ഥലങ്ങളിലും ആള്‍ക്കാരെ കൊണ്ടുപോയിട്ടുണ്ട്. അങ്ങനെയുള്ള പരിചയമാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിനുമുന്‍പും ചില ബോക്സുകള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തന്നുവിട്ടിരുന്നെന്നും അത് കോസ്മെറ്റിക് സാധനങ്ങളാണെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ബിന്ദു പറയുന്നു.