അന്താരാഷ്ട്ര നിലവാരത്തിലുള ഒരു വൈറോളജി ഗവേഷണകേന്ദ്രം പ്രവര്‍ത്തന സജ്ജമായിട്ട് ഒരാഴ്ച ആകുമ്പോഴേയ്ക്കും കേരളത്തിലെ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു സുദിനം കൂടി ആഗതമായിരിക്കുന്നു. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്‍റ് സയന്‍സസിന്റെ പുതിയ സംവിധാനങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്.
5 വര്‍ഷം മുന്‍പ് വരെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു സൊസൈറ്റി മാത്രമായിരുന്നു. ഇന്നത് ഉന്നത ഗവേഷണ മേഖലകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ ഒരു പൂര്‍ണ്ണ ഗവേഷണവികസന സ്ഥാപനമായി വികസിച്ചിരിക്കുന്നു. ദക്ഷിണ പൂര്‍വ്വ ഏഷ്യയിലെ ഏറ്റവും വലിയ ജലസസ്യ സംരക്ഷണ കേന്ദ്രമാണിത്. ഈ സ്ഥാപനം ഇന്ന് വികസനത്തിന്‍റെ പാതയിലാണ്. അതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ഇവിടെ പുരോഗമിച്ചുകൊണ്ടിരുന്ന നിര്‍മാണ വികസന പരിപാടികളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് നാളെ നടക്കാൻ പോകുന്നത്.
പൂര്‍ണ്ണ സജ്ജമായ ഒരു ഗവേഷണ ലാബ്, നാല് ഗസ്റ്റ് റൂമുകള്‍, 44 കിടക്കകളുളള ഡോര്‍മിറ്ററി ഉള്‍പ്പെടുന്ന ഗസ്റ്റ്ഹൗസ് കോംപ്ലക്സ്, പ്രത്യേക സസ്യസംരക്ഷണ കേന്ദ്രങ്ങള്‍, ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായുളള അമിനിറ്റി കോപ്ലക്സ്, മലബാര്‍ അക്വാട്ടിക് ബയോപാര്‍ക്ക് എന്നിവയുടെ ഉദ്ഘാടനമാണ് നാളെ നടക്കുന്നത്. ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥാപനമായി കഴിഞ്ഞ കുറച്ച് നാളുകളായി മാറാന്‍ മലബാര്‍ ബൊട്ടാണിക്കൽ ഗാര്‍ഡന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാനും സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കാനും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സാധിക്കും.

















