2008 ലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘മേജര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുബാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന മേജറില്‍ അദിവി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തില്‍ എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്. അദ്ദേഹത്തിന്റെ ചരമവാര്‍ഷികമായ ഇന്നലെ ‘മേജര്‍ ബിഗിനിംഗ്‌സ്’ എന്ന് പേരിട്ട വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് മേജര്‍ സന്ദീപിന്റെ മാതാപിതാക്കളെ അദിവി ശേഷ് സന്ദര്‍ശിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കാനായി കരാറില്‍ ഒപ്പിട്ടതു മുതല്‍ മേജറിന്റെ കുടുംബത്തെ കണ്ടുമുട്ടിയതു വരെയുളള അനുഭവങ്ങളാണ് അദിവി ശേഷ് വീഡിയോയില്‍ പറയുന്നത്. അദിവി ശേഷിനെ കണ്ടാല്‍ തന്റെ മകനെ പോലെയുണ്ടെന്ന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ പറഞ്ഞെന്ന് സംവിധായകന്‍ പറഞ്ഞു. ശോഭിത ധുലിപാലിയ, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുംബൈയിലെ ഭീകരാക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട 14 സിവിലിയന്മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കേറ്റവരെ രക്ഷിക്കുന്നതിനിടെയാണ് മേജര്‍ വീരമൃത്യു വരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് അദ്ദേഹം ജനിച്ചത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു.