ഭോപ്പാല്‍: ഉത്തര്‍പ്രദേശിന് പിന്നാലെ ലൗ ജിഹാദിനെതിരെ ബില്‍ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ ബില്ലിനാണ് മധ്യപ്രദേശ് മന്ത്രിസഭാ അംഗീകാരം നല്‍കിയത്. ബില്‍ നിയമമായാല്‍ മതപരിവര്‍ത്തനം ചെയ്താല്‍ പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ധര്‍മ്മ സ്വാതന്ത്ര്യ (മത സ്വാതന്ത്ര്യ) ബില്‍ 2020 ന് അംഗീകാരം നല്‍കിയത്.
പുതിയ ബില്‍ പ്രകാരം ഒരു വ്യക്തിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. പരിവര്‍ത്തനം ചെയ്ത വ്യക്തികള്‍ പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണെങ്കില്‍ കുറഞ്ഞത് 2-10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും, പരമാവധി 1 ലക്ഷം പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുമാസം മുമ്പുതന്നെ അറിയിക്കേണ്ടതാണ്, അങ്ങനെ ചെയ്തില്ലെങ്കില്‍ വിവാഹം പുതിയ നിയമപ്രകാരം അസാധുവായി കണക്കാക്കുമെന്നും ബില്ലില്‍ പറയുന്നു. 1968 ലെ റിലീജിയസ് ഫ്രീഡം ആക്ടിനെ ഇല്ലാതാക്കുന്നതാമ് മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പുതിയ ബില്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ പ്രഖ്യാപനവുമായി മധ്യപ്രദേശും ഹരിയാനയും നേരത്തെ രംഗത്തെത്തിയിരുന്നു.