നക്ഷത്രതിളക്കമാർന്ന വാക്കുകൾ തലമുറകളുടെ നാവിൻ തുമ്പിൽ കുറിച്ചിട്ട സാഹിത്യ പ്രതിഭയ്ക്ക് ഇന്ന് എണ്‍പത്തിയേഴാം പിറന്നാൾ..
പാലക്കാടിന്‍റെ ഹൃദയ വാഹിനിയായ ഭാരത പുഴയും നിശബ്ദ താഴ്‌വരയിൽ നിന്ന് ഒഴുകി വരുന്ന കുന്തിപുഴയും സംഗമിക്കുന്ന കൂട്ടക്കടവിന് തെക്കുഭാഗത്ത് കൂടല്ലൂർ എന്ന കാർഷിക കുഗ്രാമത്തിൽ ജനിച്ച് ജ്ഞാനപീഠം കയറിയ പ്രതിഭ.
വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരനാണ് എം.ടി.വാസുദേവൻ നായർ. കർമ്മ മേഖലകളിലെല്ലാം സജീവസംഭാവനകൾ. തലമുറകളുടെ സ്നേഹവാത്സല്യങ്ങളും സ്നേഹാദരങ്ങളും ഒരേ അളവിൽ പിടിച്ചു വാങ്ങിയ അതുല്യ പ്രതിഭ. നക്ഷത്രസമാനമായ വാക്കുകളെ തലമുറകൾക്കായി അദ്ദേഹം കാത്തുവച്ചു.
1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനിച്ചു. അച്ഛൻ ശ്രീ പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മ ശ്രീമതി അമ്മാളു അമ്മയും.നാലാൺമക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു എം.ടി. തന്‍റെ ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ഇല്ലായ്മകളും വല്ലായ്മകളും നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന്‍റേത്.
മലമക്കാവ് എലിമെന്‍ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953ൽ രസതന്ത്രത്തിൽ ബിരുദം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി നോക്കി. തുടർന്ന് 1957ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ സാഹിത്യരചനയിൽ താല്പര്യം കാണിച്ചിരുന്നു. വിക്ടോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ രക്തം പുരണ്ട മൺതരികൾ എന്ന ആദ്യത്തെ ചെറുകഥ പ്രസിദ്ധീകൃതമായി. എന്നാൽ അൻപതുകളുടെ രണ്ടാം പകുതിയിലാണ് സജീവ സാഹിത്യകരാൻ എന്ന നിലക്കുള്ള എം.ടിയുടെ പ്രവർത്തനങ്ങൾക്ക് ചിറകു മുളയ്ക്കുന്നത്. പാതിരാവും പകൽവെളിച്ചവും എന്ന ആദ്യനോവൽ ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശയായി പുറത്തുവരുന്നത് ആ സമയത്താണ്. 1958ൽ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് ആദ്യം പുസ്തകരൂപത്തിൽ പുറത്തു വന്നത്. തകരുന്ന നായർ തറവാടുകളിലെ വൈകാരിക പ്രശ്നങ്ങളും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുയർത്തുന്ന ക്ഷുഭിതയൗവ്വനങ്ങളുടെ കഥ പറഞ്ഞ നോവൽ 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരം നേടി.
പരിചിതമായ ജീവിതയാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ കാലാതിവർത്തിയായ പല നോവലുകളും അദ്ദേഹം എഴുതി. കാലം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന്, രണ്ടാമൂഴം തുടങ്ങിയ നോവലുകൾ. കൂടാതെ വായനക്കാർ നെഞ്ചോടു ചേർത്ത ഒട്ടനവധി പ്രസിദ്ധമായ ചെറുകഥകളും നോവലെറ്റുകളും. 1984 ൽ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണിൽ നിന്ന് നോക്കിക്കാണുന്ന വിധത്തിൽ എഴുതിയ ജനസ്വീകാര്യതയേറെ ലഭിച്ച കൃതിയായിരുന്നു അത്. അതിനു ശേഷം തൊണ്ണൂറുകളിലാണ് വാരണാസി പുറത്തുവന്നത്.
1957 ൽ മാതൃഭൂമിയിൽ സബ്എഡിറ്ററായി ജോലിയിൽ പ്രവേശിച്ച എം.ടി.1968ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ പത്രാധിപരായി. 1981ൽ ആ സ്ഥാനം രാജി വെച്ചു. 1989 ൽ പീരിയോഡിക്കൽസ് എഡിറ്റർ എന്ന പദവിയിൽ തിരികെ മാതൃഭൂമിയിൽ എത്തി. മാതൃഭൂമിയിൽ നിന്നു വിരമിച്ച ശേഷം കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചൻ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. നിലവിൽ തുഞ്ചൻ സ്മാരകസമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം.
സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് എം.ടിയുടെ സിനിമാജീവിതവും. സാഹിത്യജീവിതത്തിന്‍റെ തുടർച്ച തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാജീവിതവും. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തു പ്രവേശിക്കുന്നത്. തുടർന്ന് തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ മലയാളചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അൻപതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയിൽ അദ്ദേഹമുണ്ടായിരുന്നു. നിർമ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
പരിചിതമായ ജീവിത യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ കാലാതിവർത്തിയായ കഥകൾ എഴുതിയ സാഹിത്യകാരനാണ് എം.ടി .അദ്ദേഹത്തിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ തഴുകി ഒഴുകിയ പുഴ കഥകൾക്ക് ജീവധമനിയായി.ഗ്രാമം ശബ്ദങ്ങളും ബിംബങ്ങളും വാക്കുകളും കൊടുത്തു. പ്രകൃതിയിലെ ഋതുഭേദങ്ങൾ പോലെ മനുഷ്യ ഹൃദയങ്ങളിലെ സങ്കീർണതകൾ ഇന്നും ഭംഗിയായി വായിക്കപ്പെടുന്നു. എം.ടി യുടെ കഥയും കഥാ പരിസരവും ഒറ്റ പെട്ടവരുടെ, ഏതോകാലത്ത് ജീവിച്ചിരുന്നവരുടെ, ഇന്നും അജ്ഞതയിൽ ജീവിക്കുന്നവരുടെതാണ്. ഭ്രാന്തൻ വേലായുധനും, അപ്പുണ്ണിയും, സേതുമാധവനും, കുട്ട്യേടത്തിയും, ലീലയും ഉള്ളിലെ നീറ്റലാണ്.
സഹനത്തിന്‍റെയും അടിമത്വത്തിന്‍റെയും ഭാരം പേറി ജീവിച്ച സ്ത്രീകളെ അവർ നിക്കുന്നിടത്ത് നിർത്തി കണ്ടു. നഷ്ട പ്രണയത്തിന്‍റെ മോഹവലയത്തിലേക്ക് വായനക്കാരനെ കൂട്ടികൊണ്ടുപോകുന്ന മഞ്ഞിലെ വിമലയുടെ കാത്തിരിപ്പു പോലും പെണ്ണിന്‍റെ പ്രണയത്തിനുമേലുള്ള എഴുത്തുകാരന്‍റെ സാക്ഷ്യപ്പെടുത്തലാണ്. എം.ടി. യുടെ ഓരോ എഴുത്തും ചരിത്രത്തിന്‍റെ ചേർത്തുവയ്ക്കലാണ്. ജീവിതത്തിന്‍റെ അരക്ഷിതാവസ്ഥക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഈ എഴുത്തുകാരന്‍റെ കഥാപാത്രങ്ങള്‍ നടത്തിയ ചെറുത്തു നിൽപ്പുകൾ ഓരോ വായനക്കാരന്‍റെയും കൂടിയാണ്.
ചെറുകഥകളിലൂടെ നോവലുകളിലൂടെ തിരക്കഥകളിലൂടെ തലമുറകളെ വായിക്കാൻ പഠിപ്പിക്കുന്ന എം. ടി. മലയാളി കൈമാറ്റം ചെയ്യപ്പെടാൻ കാത്തുവെച്ച പൈതൃകം കൂടിയാണ്.
പുരസ്ക്കാരങ്ങള്‍:
2005ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം 1995ൽ എം.ടി.ക്ക് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ( കാലം ), കേരള സാഹിത്യ അക്കാദമി അവാർഡ് ( നാലുകെട്ട് ), വയലാർ അവാർഡ് ( രണ്ടാമൂഴം), മാതൃഭൂമി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് കോഴിക്കോട് സർവകലാശാലയും മഹാത്മഗാന്ധി സർവ്വകലാശാലയും അദ്ദേഹത്തിനു് ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ ആദ്യസംവിധാനം ചെയ്ത നിർമ്മാല്യം 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഇതിന് പുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.
അക്ഷരങ്ങളുടെ പെരുന്തച്ചന് പിറന്നാൾ ആശംസകൾ …!!!