മലയാളത്തിലെ എക്കാലത്തെയും ത്രില്ലര്‍ ചിത്രമായ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ജോര്‍ജുകുട്ടിയായി മോഹന്‍ലാലും റാണിയായി മീനയും മക്കളായി അന്‍സിബയും എസ്തറും എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്. ആദ്യ ചിത്രത്തിലുണ്ടായ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ട്.
കഴിഞ്ഞ ദിവസം ജോര്‍ജുകുട്ടിയും കുടുംബത്തിന്റെയും ചിത്രം സംവിധായകന്‍ ജീത്തു ജോസഫ് പുറത്തുവിട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോഴിതാ, മറ്റൊരു ചിത്രം കൂടി ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. ജോര്‍ജ് കുട്ടിയും കുടുംബവും ഇരുന്ന് ലുഡോ കളിക്കുന്നു. അവര്‍ കളിക്കുന്നത് ഒളിഞ്ഞുനോക്കുന്ന സംവിധായകനേയും കാണാം. ലഞ്ച് ബ്രേക്കിന് ജോര്‍ജ് കുട്ടിയുടെ വീട്ടില്‍ എന്നാണ് ചിത്രത്തോടൊപ്പം സംവിധായകന്‍ കുറിച്ചത്. മനോഹരമായ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.
ഒളിഞ്ഞുനോട്ടത്തിനാണ് സിനിമയില്‍ ആ പയ്യനെ കൊന്നത് എന്നത് ഓര്‍മ്മ വേണം എന്ന് സംവിധായകനോട് തമാശരൂപത്തില്‍ ചിലര്‍ പറയുന്നുണ്ട്. വെറുതെ എന്തിനാണ് അവരുടെ കുടുംബത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത്… അടുത്ത പോലീസ് സ്റ്റേഷന്റെ അടിയില്‍ കിടക്കണോ..എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ‘ഇത് കേസാവും…സാമൂഹിക അകലം പാലിച്ചില്ല..മാസ്‌കില്ല…ഷൂട്ടുമല്ല’ എന്ന് ചിലര്‍ കുറിച്ചു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
https://www.facebook.com/JeethuJosephOnline/posts/992265394583692


















