Web Desk
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിഷ്‌ക്കരിച്ച് ജൂലൈ പത്തിനകം ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരം വാങ്ങണം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉള്‍പ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വിഹിതം പുന:ക്രമീകരിച്ചതിനാലും കോവിഡ് മാഹാമരിയുടെ പശ്ചാത്തലത്തില്‍ ഏറ്റെടുക്കേണ്ടി വന്ന അടിയന്തര പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാകേണ്ടതിനാലുമാണ് പദ്ധതി പരിഷ്‌ക്കരണം ആവശ്യമായി വന്നത്.
ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വികസന ഫണ്ട് വിഹിതം പുന: ക്രമീകരിച്ചതിനെ തുടര്‍ന്ന്, ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും പൊതുവിഭാഗം ഫണ്ടിലെ സാധാരണ വിഹിതത്തിലും ധനകാര്യ കമ്മീഷന്‍ ഗ്രാന്റിലും മാറ്റമുണ്ടായിട്ടുണ്ട്. അതോടൊപ്പം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് പുതുതായി അനുവദിക്കുകയും ചെയ്തതിനാല്‍ ഈ സ്ഥാപനങ്ങളുടെ സാധാരണ വിഹിതത്തിലും മാറ്റമുണ്ടായി. ഈ മാറ്റങ്ങള്‍ക്ക് അനുസൃതമായി വേണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി പരിഷ്‌ക്കരിക്കേണ്ടത്.
ഇതോടൊപ്പം കോവിഡ് പശ്ചാത്തലത്തില്‍ ഓരോ പ്രദേശത്തും ഏറ്റെടുത്ത അടിയന്തര പ്രോജക്ടുകളും ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ പ്രോജക്ടുകളും ഓരോ വിഭാഗത്തിലും ലഭ്യമാകാവുന്ന ആകെ വിഹിതത്തിനുള്ളില്‍ പരിമിതപ്പെടുത്തി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
വാര്‍ഷിക പദ്ധതി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി നിര്‍വഹണം ആരംഭിക്കാത്ത പ്രോജക്ടുകള്‍ ഉപക്ഷിക്കുകയോ പ്രോജക്ടുകളുടെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്തുകയോ ആവശ്യമെങ്കില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാവുന്നതുമാണ്. കൂടാതെ വികസന ഫണ്ട്, മെയിന്‍റനന്‍സ് ഫണ്ട് ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയ ഒരു പ്രോജക്ട് മറ്റൊരു വിഭാഗത്തിലേക്ക്, മാര്‍ഗ്ഗരേഖ അനുസരിച്ച് മാറ്റി ഉള്‍പ്പെടുത്താവുന്നതുമാണ്.