ന്യൂഡല്‍ഹി: ലൗ ജിഹാദ് ആരോപിച്ച് ഹിന്ദു സംഘടനകളുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ തനിഷ്ഖ് പരസ്യം പിന്‍വലിച്ചു. ട്വിറ്ററില്‍ ‘ബോയ്‌കോട്ട് തനിഷ്‌ക്’ എന്ന ഹാഷ്ടാഗ് പ്രചരിച്ചതോടെയാണ് ടൈറ്റാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ജ്വല്ലറി പരസ്യം പിന്‍വലിച്ചത്. ദക്ഷിണേന്ത്യക്കാരിയെന്ന് തോന്നിക്കുന്ന മരുമകളുടെ പ്രസവത്തോടനുബന്ധിച്ചുള്ള സീമന്ത ചടങ്ങുകള്‍ നടത്തുന്ന ഭര്‍തൃ കുടുംബമാണ് 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രീകരിച്ചത്. ‘സ്വന്തം മകളെപോലെ തന്നെ സ്‌നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള്‍ വിവാഹം കഴിഞ്ഞെത്തിയത്. അവള്‍ക്കായി മാത്രം, സാധാരണയായി ആഘോഷിക്കാത്ത ചടങ്ങ് അവര്‍ കൊണ്ടാടുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെ പാരമ്ബര്യങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവയുടെ മനോഹരമായ സംഗമം’- യൂട്യൂബില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പ് ഇങ്ങനെയായിരുന്നു.
ഒക്ടോബര്‍ 9നാണ് പരസ്യം പുറത്തിറക്കിയത്. എന്നാല്‍ പരസ്യം ലൗ ജിഹാദും വ്യാജ മതേതരത്വവും പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് തീവ്ര ഹിന്ദുത്വഗ്രൂപ്പുകള്‍ രംഗത്തെത്തി. യൂട്യൂബില്‍ കമന്റുകളുടെ പ്രവാഹമായതോടെ കമന്റ് ബോക്‌സ് തനിഷ്‌ക് ഓഫ് ചെയ്തു. ട്വിറ്ററില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പരസ്യം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു.
https://www.facebook.com/RimaKallingalOfficial/posts/3303135843134962
അതേസമയം, തനിഷ്ഖിന് പിന്തുണയുമായി റിമ കല്ലിങ്കല്‍, ശശി തരൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്തെത്തി. ”ഹിന്ദു-മുസ്‌ലിം ഐക്യത്തെ പരസ്യത്തിലൂടെ പിന്തുണക്കുന്നു എന്ന കാരണം പറഞ്ഞ് ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ‘തനിഷ്‌ക്’ ജ്വല്ലറിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. വര്‍ഗീയ വാദികളെ ഇത്ര അലോസരപ്പെടുത്തുന്നവെങ്കില്‍ അവര്‍ ബഹിഷ്‌കരിക്കേണ്ടത് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ എക്കാലത്തെയും പ്രതീകമായ ഇന്ത്യയെ തന്നെയല്ലേ”-തരൂര്‍ ട്വീറ്റ് ചെയ്തു.
ഹിന്ദു-മുസ്‌ലിം മതമൈത്രി വിളിച്ചോതാന്‍ ശ്രമിച്ച സര്‍ഫ് എക്‌സലിന്റെ പരസ്യത്തിനെതിരെയും സമീപകാലത്ത് ഹിന്ദുത്വശക്തികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സര്‍ഫ് എക്‌സല്‍ പരസ്യം പിന്‍വലിച്ചിരുന്നില്ല.



















