Web Desk
അത്രയും പ്രണയാര്‍ദ്രമായിരുന്നു അച്ഛന്‍റെ മരണം പോലും; മകന്‍ വിജയ് ശങ്കര്‍…..
ലോഹിതദാസ് ഓര്‍മ്മയായിട്ട് 11 വര്‍ഷം. ലോഹിതദാസ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത് വെറും 20 വര്‍ഷമാണ്. അതില്‍ തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍ സജീവമായിരുന്നത് 12 വര്‍ഷം മാത്രം. എന്നിട്ടും ആ എഴുത്തുകാരന്‍ മലയാള സിനിമയുടെ ഭാവി നിര്‍ണയിച്ചു. ലോഹ മൂര്‍ച്ചയുള്ള ലോഹിതദാസിന്‍റെ അക്ഷരങ്ങള്‍ കേട്ടപ്പോഴെല്ലാം നമ്മുടെ ഉള്ളില്‍ മുറിവേറ്റു. കാരണം, ലോഹിയുടെ കഥാപാത്രങ്ങളെല്ലാം നമ്മുടെ ജീവിതത്തില്‍ നിന്ന് ചികഞ്ഞെടുത്തവയായിരുന്നു.
അദ്ദേഹത്തിന്‍റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മകന്‍ വിജയ് ശങ്കര്‍ ലോഹിതദാസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
വിജയ് ശങ്കറിന്‍റെ കുറിപ്പ് ഇങ്ങനെയാണ്…
തോരാതെ മഴ പെയ്യാന്‍ തുടങ്ങിയിട്ട് നേരമേറെയായി. നല്ല തണുപ്പുണ്ട്. അമരാവതി രാവിന്‍റെ ഇരുള്‍ പുതച്ചിരിക്കുകയാണ് ,പൂമുഖത്ത് ഞാനും. ഈ മഴയെ എനിക്ക് പേടിയാണ്. ഓര്‍മ്മയുടെ അടിത്തട്ടില്‍നിന്ന് 11 വര്‍ഷം മുന്‍പുള്ള ഒരു മഴക്കാലം എന്നെ തേടി വരുന്നു. ഇതുപോലൊരു മഴയുള്ള രാത്രിയില്‍ ഞാന്‍ ഈ പൂമുഖത്ത് ഉറങ്ങാതിരിന്നിട്ടുണ്ട്, ചിതയ്ക്കുമേല്‍ വലിച്ചുകെട്ടിയ ടാര്‍പായക്ക് ആ മഴയെ വഹിക്കാന്‍ ഉള്ള ശക്തി കൊടുക്കണേ എന്ന് മനസ്സില്‍ ഒരായിരം വട്ടം ഉരുവിട്ട ഒരു രാത്രി. മഴയിലും കണ്ണീരില്‍ കുതിര്‍ന്ന ഒരു കാലമായിരുന്നു അത്. അന്നുതൊട്ട് എന്‍റെ ഉള്ളില്‍ മഴയ്ക്ക് മറ്റൊരു മുഖമാണ്… ഇന്നും. ഈ തോന്നല്‍ തികച്ചും വ്യക്തിപരമാണ് എന്ന് എനിക്കറിയാം. മഴയേക്കാള്‍ സൗന്ദര്യമുള്ള മറ്റെന്താണുള്ളത്. പ്രണയമെന്ന വികാരത്തോടു മഴയേക്കാള്‍ ഇഴചേര്‍ന്ന മറ്റൊന്നുമില്ല. ഞാന്‍ ഭയക്കുന്ന ഈ രാത്രിമഴയെ അനേകായിരം ഹൃദയങ്ങള്‍ ആസ്വദിക്കുന്നുണ്ടാവാം.
ലോഹിതദാസിന്‍റെ തൂലികയിലെ പ്രണയങ്ങള്‍ ഈ രാത്രി മഴ പോലെ ആയിരുന്നു. അവരുടെ സ്നേഹം ഈ രാത്രി മഴയുടെ ശബ്ദം പോലെ വ്യക്തമാണ്.. പക്ഷേ ആ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും രാത്രിയുടെ ഇരുട്ട്പോലെ ആയിരുന്നു. കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത ഒരുപാട് ഉണ്ടായിരുന്നു അതില്‍. സംരക്ഷണവും ത്യാഗവും കരുതലും അങ്ങനെ ഒരുപാട്. ലോഹിതദാസ് സിനിമകളിലെ ബന്ധങ്ങളെക്കുറിച്ച് ആവാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്, പക്ഷേ പ്രണയ ബന്ധങ്ങളെ കുറിച്ച് അധികം പറഞ്ഞു കേള്‍ക്കാറില്ല. തനിയാവര്‍ത്തനം എന്ന ആദ്യ സിനിമ മുതല്‍ എല്ലാ കഥകളിലും ദിവ്യമായ പ്രണയത്തിന്‍റെ സമ്പന്നത ഒളിഞ്ഞിരിപ്പുണ്ട്. തനിയാവര്‍ത്തനം കണ്ടവര്‍ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാവാം അതില്‍ എവിടെയാണ് ഒരു പ്രണയരംഗം എന്ന്, മുകളിലെ മുറിയില്‍ ചങ്ങലക്കിട്ടിരിക്കുന്ന ശ്രീധരന്‍ മാമയെ ഓര്‍മ്മയില്ലേ.. അയാള്‍ എങ്ങനെ ചങ്ങലയുടെ ഒരു തലയ്ക്കല്‍ എത്തി? കുട്ടിയായിരുന്നു ബാലന്‍ മാഷിനെയും ഗോപിനാഥനെയ്യും കൂട്ടി കുന്നിന്‍ചെരുവില്‍ പോയിരിക്കുന്ന രാത്രികളില്‍ നക്ഷത്രങ്ങള്‍ പൊട്ടി അടര്‍ന്നു വീഴുമ്ബോള്‍ അത് പൊളിഞ്ഞു പോകുന്നതിനു മുന്‍പേ മേനാച്ചേരിയിലെ വലിയ കണ്ണുകളുള്ള ആ പെണ്‍കുട്ടി അമ്മായി ആയി വരാന്‍ പ്രാര്‍ത്ഥിക്കാന്‍ പറയുന്ന ശ്രീധരന്‍ മാമയെ പറ്റി ബാലന്‍ മാഷ് പറയുന്നുണ്ട്. സന്ധ്യക്ക് തിരികൊളുത്താന്‍ സര്‍പ്പക്കാവില്‍ പോയ ആ പെണ്‍കുട്ടി വിഷംതീണ്ടി മരിക്കുകയായിരുന്നു, ആ സംഭവമാണ് ശ്രീധരന്‍ മാമയെ ആ ചങ്ങലയുമായി ബന്ധിപ്പിക്കുന്നത്. ഇതുപോലെ തീവ്രമായ ഒരുപാട് പ്രണയബന്ധങ്ങള്‍ ആണ് ലോഹിതദാസിന്റെ തൂലികയില്‍ പിറന്നത്.
അമരത്തിലെ ചന്ദ്രികയും, സല്ലാപത്തിലെ ദിവാകരനും, ഭൂതക്കണ്ണാടിയിലെ സരോജിനിയും, കമലദളത്തിലെ സുമയും എല്ലാം തീവ്ര പ്രണയം കൊണ്ട് ത്രാസില്‍ താഴ്ന്നിരിക്കുന്നവരാണ്. കണ്ട ആദ്യമാത്രയില്‍ പ്രണയം മൊട്ടിടുന്ന കഥാപാത്രങ്ങള്‍ ഒരിക്കലും ലോഹിതദാസിന്റെ രചനയില്‍ ഉണ്ടായിട്ടില്ല.. സൗന്ദര്യം എന്ന ഘടകം കൈവിട്ടപ്പോള്‍ ലോഹിതദാസിന്റെ കഥാപാത്രങ്ങള്‍ക്ക് പ്രണയം തോന്നാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു.
വളയത്തില്‍ ശ്രീധരന്‍ പറയുന്നുണ്ട്, ആ കണ്ണീര് വീണത് എന്‍റെ ചോറിലല്ല , എന്റെ മനസ്സിലാ.. തനിക്ക് പറ്റിയ ഒരു കയ്യബദ്ധത്തില്‍ അച്ഛനെ നഷ്ടപ്പെട്ട പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ സഹതാപവും കുറ്റബോധവും ആയിരുന്നു ശ്രീധരന്റെ പ്രണയം. താന്‍ കാരണം നാഥന്‍ ഇല്ലാതായിപോയ കുടുംബത്തോടുള്ള കടമയും പ്രായശ്ചിത്തവും ആയിരുന്നു സേതുമാധവന് ഇന്ദുവിനോട് തോന്നിയ പ്രണയം. കന്മദത്തിലെ വിശ്വനാഥന് ഭാനുവിനോട് തോന്നിയ പ്രണയത്തിലും ഭാനുവിന്റെ സഹോദരന്റെ ജീവന്‍ അപഹരിക്കണ്ടി വണ്ണത്തിലുള്ള കുറ്റബോധവും പ്രായശ്ചിത്തവും വേഷമിടുന്നുണ്ട്. ധനത്തിലെ തങ്കത്തിന് കൂടെ കൂട്ടാന്‍ വരുമെന്ന് ഉണ്ണി വാക്കു കൊടുക്കുമ്ബോള്‍ പ്രണയത്തിന് ഒരു രക്ഷകന്റെ വേഷമായിരുന്നു. തന്റെ ജേഷ്ഠന്‍ നശിപ്പിച്ച പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് സ്വീകരിച്ച സാദരത്തിലെ സുരേഷ് ഗോപി അവതരിപ്പിച്ച രഘു ത്യാഗത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ആള്‍രൂപമായി മാറുന്നു.
സല്ലാപത്തിലെ രാധയും, കമലദളത്തിലെ മാളവികയും, ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധയും, കസ്തൂരിമാനിലെ പ്രിയംവദയും ഒരു കലാകാരനോടും അയാളിലെ കലയോടും പ്രണയം തോന്നിയവരാണ്. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയ് തോമസിനെയും ഈ ഗണത്തില്‍ പെടുത്താം. തന്റെ കണ്‍മുന്‍പില്‍ വെച്ച് അമ്മയെ കടിച്ചുകൊന്നു പുലിയെ വകവരുത്താന്‍ വന്ന വിരൂപനായ വേട്ടക്കാരന്‍ വാറുണ്ണിയോട് തോന്നിയ ആരാധനയാണ് ഭാഗ്യലക്ഷ്മിക്ക് പ്രണയം ആയി മാറുന്നത്.
അങ്ങനെ നോക്കുമ്പോള്‍ ലോഹിതദാസിനെ ഒട്ടുമിക്ക നായികാനായകന്മാര്‍ക്കും പ്രണയം തോന്നിയത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തിനോടും കഴിവിനോടും ആയിരുന്നു. വെങ്കലത്തിലെ തങ്കമണിയെ കണ്ട് ഗോപാലന്‍ മാത്രമാണ് ആദ്യകാഴ്ചയില്‍ സൗന്ദര്യത്തിന് അടിമപ്പെട്ടു പോകുന്ന ഏക നായകന്‍. അയാളുടെ ജീവിതത്തിലും മനസ്സിലും സൗന്ദര്യത്തിന് അത്രയേറെ സ്ഥാനമുണ്ടായിരുന്നു, അയാള്‍ ഒരു മുശാരിയും ശില്‍പയും ആണ്. അമിട്ട് പൊട്ടിവിരിയുന്ന വെളിച്ചത്തില്‍ തങ്കമണിക് ഒരു ദേവി വിഗ്രഹത്തിന്റെ സൗന്ദര്യമാണ് ഗോപാലന് കാണാന്‍ കഴിയുന്നത്. ഒരുപക്ഷേ ആ രംഗം എഴുതിയപ്പോള്‍ അത് ചിത്രീകരിക്കാന്‍ പോകുന്ന സംവിധായകനിലുള്ള അമിതമായ വിശ്വാസം കൂടിയാവാം അങ്ങനെ ഒരു രംഗം എഴുതാന്‍ പ്രേരിപ്പിച്ചത്, ‘ഭാരതേട്ടനേലും വലിയ സൗന്ദര്യാസ്വാദകന്‍ വേറെ ആരുണ്ട്’ അച്ഛന്‍ പറഞ്ഞു കേട്ട വാക്കുകളാണിത്.
പ്രണയത്തെ പറ്റി പറയുമ്ബോള്‍ ഈ കൂട്ടത്തില്‍ ഒന്നും പെടുത്താന്‍ പറ്റാത്ത ഒരാളുണ്ട്, ഒഴുക്കിനെതിരെ നീന്തുന്ന ഒരു മീന്‍, മമ്മൂക്ക അവതരിപ്പിച്ച വിഷ്ണുനാരായണന്‍. കഥാപാത്രം മാത്രമല്ല ആ സിനിമ തന്നെ ഒഴുക്കിനെതിരെ നീന്തുന്ന ഒരു മീനാണ്. മമ്മൂട്ടിയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു വേഷം, ലോഹിതദാസില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു രചന, ജോഷിയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു സിനിമ. കുട്ടേട്ടന്‍. പലപ്പോഴും നായിക നായകന്മാരെ നിഷ്പ്രഭമാക്കുന്ന പ്രണയം പേറി നടക്കുന്ന മറ്റു കഥാപാത്രങ്ങളും ധാരാളമുണ്ട് ലോഹിതദാസിന്റെ കഥകളില്‍. ലാലു അലക്സ് അവതരിപ്പിച്ച ഭാരതത്തിലെ വിജയനും പാഥേയത്തിലെ ഹരികുമാരമേനോനും എനിക്ക് ഇവരില്‍ ഏറെ പ്രിയപെട്ടവരാണ്.
ലോഹിതദാസിന്‍റെ കഥാപാത്രങ്ങള്‍ പ്രണയം തുറന്നു പറയുന്നതിലും അത് പ്രകടിപ്പിക്കുന്ന രീതിയിലും ഒരുപാട് സൗന്ദര്യം ഉണ്ടായിരുന്നു.
ചെങ്കോല്‍:
വീട്ടില്‍ നിന്ന് യാത്ര പറഞ്ഞു ഇറങ്ങിയ സേതുവിന്റെ അടുത്തേക്ക് ഓടിയെത്തുന്ന ഇന്ദു . ഇന്ദുവിന്റെ ആവശ്യാനുസരണം കയ്യില്‍ കരുതിയ ഡയറിയില്‍ കത്ത് അയക്കാനുള്ള അഡ്രസ് കുറിക്കുകയാണ് സേതുമാധവന്‍…
ഇന്ദു : അന്ന് രാത്രിയില് വന്നപ്പോ അമ്മയോട് ചോദിച്ചത് ശരിക്കും സിന്‍സിയര്‍ ആയിട്ട് ആയിരുന്നു
സേതു: എന്ത്?
ഇന്ദു : കല്യാണം കഴിച്ചോട്ടെ എന്ന്..
സേതു: ഓ അതോ..കള്ളു കുടിച്ച് വെളിവില്ലാതെ പറഞ്ഞതാണെന്ന് തോന്നിയോ?
ഇന്ദു : ഇല്ല എനിക്ക് സിന്‍സിയര്‍ ആയിട്ട് തന്നെയാണ് തോന്നിയത്. ആണുങ്ങള് പല കമന്റുകളും പറയാറുണ്ട് , വൃത്തികേടുകള്‍ പറയും, ചിലര്‍ക്ക് വേണ്ടത് ഒരു രാത്രി, ചിലര് ഞാന്‍ നോക്കിക്കോളാം നിന്നെ എന്ന് പറയും, കല്യാണം കഴിക്കട്ടെ എന്ന് ചോദിച്ചത് ആദ്യ..
സേതു ഡയറി തിരികെ കൊടുക്കുന്നു
ഇന്ദു : ഇപ്പോ അവിടുന്ന് പോന്നപ്പോള്‍ അപ്പോ അമ്മ എന്താ പറഞ്ഞത് എന്ന് അറിയോ.. ഇപ്പോഴാണ് അയാളത് ചോതിച്ചിരുന്നതെങ്കില്‍ ഞാന്‍ സമ്മതിക്കുമായിരുന്നുവെന്നു. ഇപ്പോഴും ആ ചോദ്യം ഉണ്ടെന്ന് ഞാന്‍ വിചാരിച്ചോട്ടെ, ആലോചിക്കാതെ പറഞ്ഞതാണെങ്കില്‍ പാലിക്കണം എന്ന് നിര്‍ബന്ധമില്ല, എന്നാലും വെറുതെ പ്രതീക്ഷിക്കാമല്ലോ എനിക്ക്.. തുഴഞ്ഞുതുഴഞ്ഞു പോകുമ്ബോള്‍ ദൂരെ ഒരു കഥയുണ്ടെന്ന് പ്രതീക്ഷിക്കുന്നത് ആശ്വാസം അല്ലേ
സേതു : ദൂരെയല്ല..അരികില്‍..ആ കൈ ഉയര്‍ത്തിയാല്‍ തൊടാവുന്ന പോലെ അത്ര അരികില്‍.
കസ്തൂരിമാനിലെ രംഗവും മനസ്സിലേക്ക് കടന്നു വരുന്നു.
സാജനെ കാണാന്‍ വീട്ടിലേക്ക് വന്ന പ്രിയ തന്റെ ദുഃഖങ്ങളുടെ കെട്ടഴിച്ച് തിരിച്ചു പോകാന്‍ ഒരുങ്ങുന്ന രംഗം.
പ്രിയ: സഖാവിന് പഠിക്കാന്‍ ഒരുപാടുണ്ട് , അതിനിടയില്‍ എന്റെ പ്രശ്നങ്ങള്‍, വേണ്ട അത് മറന്നേക്കു.<
പ്രിയ എഴുനേറ്റു സ്കൂട്ടറിന്റെ അടുത്തേക് നടക്കുന്നു.
സാജന്‍: പ്രിയ!!
വിതുമ്ബുന്ന മനസ്സും വിറക്കുന്ന ചുണ്ടുമായി അവള്‍ നിന്നു. സാജന്‍ അടുത്തേക്ക് വരുന്നു.
സാജന്‍: തന്നെ ഞാന്‍ രക്ഷിക്കട്ടെ
പ്രിയ: രക്ഷിക്കാനോ എങ്ങനെ? സാജന്‍: തന്നെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് വിളിക്കട്ടെ.. ഇപ്പൊ എന്നെക്കൊണ്ടാവില്ല പക്ഷേ ഒരു ജോലി കിട്ടി സ്വന്തംകാലില്‍ നില്‍ക്കാന്‍ പറ്റിയാല്‍ ഞാന്‍ വിളിച്ചാല്‍ വരോ?
പ്രിയ: സന്ദോശമുണ്ട്.. പക്ഷെ എന്നോട് സഹതാപം തോന്നുന്നുണ്ടാവും അല്ലെ, അത് വേണ്ട.
പ്രിയ സ്കൂട്ടറില്‍ വന്നു കയറുന്നു.
സാജന്‍: അല്ല അങ്ങനെ വിചാരിക്കരുത് പറയാന്‍ ഇപ്പോഴാണ് തോന്നിയത്, താന്‍ കൂടെ ഉണ്ടാകുമ്ബോള്‍ എന്തോ ഒരു സുഖമുണ്ട് ഒരു നല്ല കൂട്ട് കിട്ടിയതുപോലെ.എനിക്കിഷ്ടമാണ് തന്നെ ഇഷ്ടം എന്ന് വെച്ചാല്‍ ഭയങ്കര ഇഷ്ടം. തന്റെ.. തന്റെ സങ്കടങ്ങള്‍ അടക്കം ഞാനെടുത്തോട്ടെ.
ഇന്ന് ഒരുപക്ഷേ വിവാദങ്ങള്‍ക്കും ചോദ്യശരങ്ങള്‍ക്കും വിധേയമാകും വിധം ഇഷ്ടം പ്രകടിപ്പിച്ച കഥാപാത്രങ്ങളുമുണ്ട്. വെങ്കലത്തില്‍ ഒരു നെടുനീളന്‍ ഡയലോഗ് പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സ് രംഗത്തില്‍ ഗോപാലന്‍ തങ്കമണിയുടെ മുഖത്ത് ആഞ്ഞടിച്ചു അവളെ മാറോടണയ്ക്കുകയാണ് . കന്മദത്തില്‍ വിശ്വം ഭാനുവിനെ ബലാത്കാരമായി ചുംബിച്ചതിന് ശേഷമാണ് ഇഷ്ടം തുറന്നു പറയുന്നത്.
വളയത്തില്‍ ശ്രീധരന്‍ സീതയോട് ഇഷ്ടം അറിയിക്കുന്ന രംഗം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.
രവിയുമായി ഉണ്ടാവുന്ന സംഘട്ടനത്തില്‍ കത്തികൊണ്ട് കയ്യില്‍ മുറിവേറ്റ ശ്രീധരന്‍ സ്ത്രീകളുടെ കുളക്കടവില്‍ തനിച്ചിരുന്ന് ഒറ്റക്കൈ കൊണ്ട് തുണി അലകുകയാണ്. അവിടേക്ക് സീത കടന്നുവരുന്നു. ശ്രീധരന്‍ പടിയില്‍ നിന്നെഴുന്നേറ്റ് മാറിക്കൊടുത്തു.
സീത: തുണി അലക്കിത്തരാന്‍ കുഞ്ഞാലിക്കയോട് പറഞ്ഞൂടെ?
ശ്രീധരന്‍ : ഒരാഴ്ച പണിയില്ലാത്ത കൊണ്ട് അവന്‍ വീട്ടില്‍ പോയിരിക്കുകയാണ്
സീത : ആ ഷര്‍ട്ടും മുണ്ടും ഒക്കെ അവിടെ ഇട്ടേര്.. ഇടത്തേകൈകൊണ്ടു സോപ്പ് പുരട്ടിയെടുത്താല്‍ വെളുക്കില്ല.
ശ്രീധരന്‍ : പക്ഷേ അത് എന്നും വേണ്ടിവരും.. പറ്റുമോ?
ഇത് ലോഹിതദാസിന്റെ ഭാവനയില്‍ നിന്ന് ഉരുത്തിരിഞ്ഞ സംഭാഷണമല്ല, മറിച്ച് ജീവിതമാണ്. ലോകമറിയുന്ന ഒരു എഴുത്തുകാരന്‍ ആകുന്നതിനു മുന്നേ ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ശാന്തി ലാബിന്റെയും ഇന്സ്ടിട്യൂട്ടിന്റെയും ഉടമയും അവിടത്തെ അദ്ധ്യാപകനുമായിരുന്നു ലോഹിതദാസ്. ടൂവീലറില്‍ നിന്ന് വീണ് കയ്യിന് പരിക്ക് പറ്റിയ അച്ഛനോട് അന്ന് അവിടെ പഠിക്കുകയും തുടര്‍ന്ന് ലാബില്‍ ജോലി ചെയ്യുകയും ചെയ്ത ഒരു പെണ്‍കുട്ടി പങ്കുവെച്ച് കരുതലാണത്. ‘നല്ല നീര് ഉണ്ടല്ലോ..സാറിന്റെ കയ്യൊന്നു ചൂടുപിടിച്ചൂടേ.. നീര് കുറയും.’ അതിനൊന്നും ആരും ഇല്ല എന്നായിരുന്നു അച്ഛന്റെ മറുപടി. ഞാന്‍ ചൂടുപിടിച്ചു തരാം എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത് . ‘പക്ഷെ അതെന്നും വേണ്ടിവരും പറ്റോ??’….
എപ്പോഴും കയ്യില്‍ പുസ്തകവുമായി നടക്കുന്ന ഏകനായി ജീവിക്കുന്ന ആ മനുഷ്യന്റെ ചോദ്യത്തിന് ആ പെണ്‍കുട്ടിക്ക് സമ്മതമായിരുന്നു. ഇന്ന് ഞാന്‍ ഇത് എഴുതുന്നത് ആ വാക്കിന്റെ ബലത്തിലാണ്. പില്‍ക്കാലത്ത് ലോഹിതദാസിന്റെ രണ്ടുമക്കളെയും നൊന്തുപെറ്റ സിന്ധുവായിരുന്നു ആ പെണ്‍കുട്ടി, എന്റെ അമ്മ. ഇത്രമേല്‍ പരസ്പരം പ്രണയിച്ച രണ്ടുപേര്‍ ഈ ഭൂമിയില്‍ ഉണ്ടായിട്ടുണ്ടാവില്ല. ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു ആ ബന്ധത്തിന്. ചെങ്കൊടിയുടെ സാരഥിയും സഹസഞ്ചാരിയും ആയിരുന്നു മേലൂരിന്റെ കമ്മ്യൂണിസ്റ്റ് കാരണവര്‍ സഖാവ് കെ എസ് ദാമോദരന്‍ തോറ്റുപോയത് സിന്ധുവിനെ പ്രണയ വിപ്ലവത്തിന് മുന്നിലാണ്. ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നു ആളാണ് താനെന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. അച്ഛന്‍ ഇല്ലാതാവുന്നതുവരെ അച്ഛനും അമ്മയും വഴക്കടിക്കുന്നതോ പിണങ്ങിയിരിക്കുന്നതോ ഒരിക്കല്‍പോലും ഞാനും ചക്കരയും കണ്ടിട്ടില്ല. ആ പ്രണയം അവര്‍ക്കു ലഹരിയായിരുന്നു..മതിവരാത്ത ആര്‍ത്തിയായിരുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്ബാദ്യം അനുഭവങ്ങളും വായനയും ആണ്, പക്ഷേ അവ രണ്ടിനും അമ്മ കഴിഞ്ഞേ സ്ഥാനമുള്ളൂ. അച്ഛനിലെ എഴുത്തുകാരന് വളരാനുള്ള മണ്ണായി തീരുകയായിരുന്നു അമ്മ. ചെറിയ കാര്യങ്ങള്‍ പോലും വല്ലാതെ ബാധിക്കുന്ന ഒരാളായിരുന്നു അച്ഛന്‍, നാലു വയസ്സില്‍ ഞാന്‍ വീടിനുമുകളില്‍ നിന്ന് വീണു തലയ്ക്ക് പരുക്ക് പറ്റുകയും കൈ ഒടിയുകയും ചെയ്തത് ഷൂട്ടിംഗ് കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ ആണ് അച്ഛന്‍ അറിയുന്നത് പോലും. ഇന്നും ഒരു അത്ഭുതമാണ് എങ്ങനെ രണ്ട് ആള്‍ക്കാര്‍ക്ക് ഇങ്ങനെ മനസിലാക്കാനും സ്നേഹിക്കാന്‍ കഴിയുമെന്ന്. അമ്മയുടെ ഭാഗത്തു നിന്ന് ഒരു പച്ചക്കൊടി കിട്ടിയാല്‍ മാത്രമേ അച്ഛന്‍ ഒരു കഥയുമായി മുന്നോട്ട് പോവുകയുള്ളൂ.. അമ്മയെ വേണ്ടത്ര തൃപ്തിപ്പെടുത്താന്‍ ആവാത്ത കഥകള്‍ തീയറ്ററുകളില്‍ അടിപതറിയിട്ടുമുണ്ട് . ധരിക്കുന്ന ഷര്‍ട്ട് മുതല്‍ ചെരിപ്പ് വരെ എല്ലാം സിന്ധുവിന്റെ ഇഷ്ടം.. അങ്ങനെയായിരുന്നു.
പലപ്പോഴും ഞാന്‍ ഓര്‍ക്കാറുണ്ട് അച്ഛന്‍ ആദ്യം പോയത് നന്നായി എന്ന് മറിച്ചായിരുന്നെങ്കില്‍ ലോഹിതദാസിന്റെ പേന പിന്നെ ചലിക്കുക ഇല്ലായിരുന്നു, ഞങ്ങളെ അനാഥരാകാതിരിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു ജീവിതം ആയേനെ, ചിലപ്പോള്‍ തൊട്ടുപുറകെ അച്ഛനും പോയേനെ, കാലം എന്തോ കരുതി വച്ചിട്ടുണ്ടാവാം, അറിയില്ല. അമ്മയ്ക്ക് മുന്നേ പ്രണയവും പ്രണയത്തകര്‍ച്ചകളും ഒക്കെ ഉണ്ടായിട്ടുള്ള കൗമാരക്കാരന്‍ തന്നെയായിരുന്നു അച്ഛന്‍. ചക്കരയുടെ പ്രണയവും ആദ്യം തുറന്നു പറഞ്ഞത് അച്ഛനോട് ആയിരുന്നു അന്ന് അത് ആ പെണ്‍കുട്ടിക്ക് പോലും അറിയില്ലായിരുന്നു. പ്രണയം അവളോട് തുറന്നു പറയാന്‍ നിര്‍ദേശിച്ചതും അച്ഛനാണ്, ആ അച്ഛന്റെ മകനല്ലേ.. പ്രണയം തുറന്നു പറഞ്ഞ് പ്രണയിച്ച് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ആ പെണ്‍കുട്ടിയെ ചക്കരയുടെ ജീവിതപങ്കാളിയായി താലി ചാര്‍ത്തുമ്പോള്‍ അതിനു സാക്ഷ്യംവഹിക്കാന്‍ ആ ബന്ധത്തിന് ചുക്കാന്‍ പിടിച്ച ആള്‍ ഉണ്ടായില്ല.
ഞാനും ചക്കരയും നല്ല കലാകാരന്മാരും മനുഷ്യസ്നേഹികളും ആവണം എന്ന് മാത്രമാണ് അച്ഛന്‍ ആഗ്രഹിച്ചിരുന്നത്. ഇന്ന് അതിനോട് ഒരളവുവരെ നീതിപുലര്‍ത്താന്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നതു കൊണ്ടാവാം. ഞങ്ങളിലെ കാമുകന്മാരെ ഉണര്‍ത്താന്‍ അച്ഛന്‍ കൂടെ നിന്നത്. ഭാവന ഉണ്ടാവാനും ഏതൊരു മനുഷ്യനെയും കവിയും എഴുത്തുകാരനും ഗായകനുമൊക്കെ ആക്കാനുള്ള മാന്ത്രികത ഉണ്ടല്ലോ പ്രണയത്തിന്. എനിക്ക് അച്ഛനോട് തുറന്നു പറയത്തക്ക ഒരു പ്രണയം ഉണ്ടായിട്ടില്ല, അച്ഛന്‍ പോകുമ്പോള്‍ എനിക്ക് പ്രായം പതിനെട്ടല്ലേ ഉണ്ടായിരുന്നുള്ളൂ.. അതാവാം. സ്കൂള്‍ പഠനകാലത്ത് പ്രണയം നിഷിദ്ധമായ ഒന്നാണല്ലോ, പ്രണയങ്ങളെ കുറിച്ച് അധ്യാപകരോ മറ്റോ അറിഞ്ഞാല്‍ പിന്നെ ആ ഹൃദയങ്ങള്‍ സ്റ്റാഫ് റൂമിലെ ചെണ്ട ആവുന്നത് എല്ലാ കാലത്തും പതിവാണ്, അത്ര വലിയൊരു പാപമാണൊ അത്.. എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
എന്‍റെ സ്കൂള്‍ പഠന കാലത്ത് ഒരു സഹപാഠി ഞാന്‍ അത്യാവശ്യം പാടും എന്ന് അറിഞ്ഞതില്‍ പിന്നെ എന്നോട് അവള്‍ക്കായി ഒരു പാട്ടു പാടി കൊടുക്കണമെന്നു ആവശ്യപ്പെട്ടു . അച്ഛന്‍ വീട്ടിലുള്ള സമയമായിരുന്നു, ‘അച്ഛാ ക്ലാസ്സില്‍ ഒരു കുട്ടിയുണ്ട് എന്നോട് ഒരു പാട്ടുപാടി കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ട് കാണാനൊക്കെ നല്ല കുട്ടിയാണ്’ പയ്യെ താടി തടവി ഒരു ചിരിയുമായി ഇരിക്കുകയാണ് അച്ഛന്‍. ‘നീ ഏത് പാട്ടാണ് പാടാന്‍ പോകുന്നത്? ‘ അക്കാലത്ത് എന്നെ സ്വാധീനിച്ച കേള്‍ക്കാന്‍ ഇമ്ബമുള്ള ഒരു തമിഴ് പാട്ട് ഞാന്‍ പാടി കേള്‍പ്പിച്ചു.. ‘കുഞ്ഞാ!! പേണ്‍കുട്ടികള്‍ക്ക് പാടി കൊടുക്കുമ്ബോള്‍ നല്ല അര്‍ത്ഥമുള്ള വരികളുള്ള പാട്ടുകള്‍ പാടണം.. ആ വരികളിലൂടെ നമ്മള്‍ അവരോട് എന്തൊക്കെയോ പറയുന്നുണ്ട് എന്ന് അവര്‍ക്ക് തോന്നണം, അതിന് നല്ല പഴയ മലയാളം പാട്ടുകള്‍ പാടണം’. ഒരു നിമിഷം അച്ഛന്‍ കണ്ണടച്ചിരുന്നു, കണ്ണ് തുറന്നതും പാടിത്തുടങ്ങിയത് ഒരുമിച്ചായിരുന്നു.
‘അവള്‍ ചിരിച്ചാല്‍ മുത്തു ചിതറും…
ആ മുത്തോ നക്ഷത്രമാകും…
അതു കണ്ടാല്‍ കരളില്‍ കൊണ്ടാല്‍… ഏതു പകലും രാത്രിയാകും..
ആ നകഷത്രരത്നങ്ങള്‍… വാരിയെറിഞ്ഞാല്‍ ആകാശമാകും…’
അതായിരുന്നു അച്ഛനിലെ കാമുകന്‍.
അച്ഛന്‍റെ മരണം പോലും അത്ര മനോഹരമായിരുന്നു… എന്റെ വാക്കുകള്‍ പിഴയ്ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ മനോഹരം എന്ന വാക്ക് തന്നെ ഞാന്‍ ഉപയോഗിക്കുകയാണ്.
2009 ജൂണ്‍ 28, മൂടിക്കെട്ടിയ ഒരു പ്രഭാതം, ഞങ്ങള്‍ നാല് പേരും വീട്ടിലുണ്ട്. ചക്കര തലേന്ന് രാത്രി കോയമ്ബത്തൂരില്‍നിന്ന് എത്തിയിരുന്നു. പിറ്റേന്ന് രാവിലെ ചെക്കപ്പിനായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് പോകാന്‍ ഉള്ള ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞിരുന്നു. ആന്‍ജിയോഗ്രാം ചെയ്തതിന്റെ എക്സ്-റേ വീഡിയോ ഒരു സി ഡി യില്‍ ആക്കി കിട്ടിയിരുന്നു, ഞങ്ങള്‍ എല്ലാരും കൂടെ അത് കാണാന്‍ കമ്ബ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുകയാണ്, അച്ഛന്‍ പയ്യെ ഒഴിഞ്ഞു മാറി ‘ഞാന്‍ കണ്ടാല്‍ ശെരിയാവില്ല.. ‘ ഞങ്ങള്‍ മൂന്നുപേരും അത് കണ്ടു, ബ്ലോക്ക് ഉള്ളത് അതില്‍ കൃത്യമായ കാണാം. കണ്ടു കഴിഞ്ഞു എന്ന് ഉറപ്പായപ്പോള്‍ ആണ് അച്ഛന്‍ അവിടേക്കു വരുന്നത്. അതേസമയം തൊറാസിക് സ്പോണ്ടിലോസസിന്റെ ഒരു പ്രശ്നം കൂടെ അച്ഛനെ അലട്ടുന്നുണ്ടായിരുന്നു, ഞങ്ങള്‍ നാലുപേരും അതേപ്പറ്റി ഗൂഗിള്‍ ചെയ്തു മനസിലാക്കി. ആ രംഗം അവിടെ അവസാനിക്കുന്നു…. അമ്മ അടുക്കളയിലേക്കും ചക്കര മുറിയിലേക്കും പോയി. അച്ഛന്‍ ആ മുറിയിലെ ബാത്റൂമിലേക്കു പോയി, ഞാന്‍ കംപ്യൂട്ടറിന്റെ മുന്നില്‍ തന്നെ ഇരിക്കുകയാണ്.
‘കുഞ്ഞാ ‘ എന്ന വിളികേട്ട് ഞാന്‍ നോക്കുമ്ബോള്‍ അച്ഛന്‍ ബാത്റൂമിന്റെ വാതില്‍ തുറന്നു അവശനായി നില്‍ക്കുകയാണ്. ഞാന്‍ ഓടിച്ചെന്നു പിടിച്ചു, അമ്മയെ അലറി വിളിച്ചു, അമ്മയും ചക്കരയും ഓടിവന്നു. ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് അച്ഛനെ ഒരു കസേരയില്‍ പിടിച്ചിരുത്തി. അമ്മ എന്തോ ഗുളിക പൊടിച്ചു അച്ഛന്റെ നാവിനടിയില്‍ വച്ചുകൊടുത്തു. അച്ഛന്‍ ശ്വാസം കിട്ടാതെ വില്ലുപോലെ വലയുകയാണ്, എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്ക് ഒരു നിശ്ചയമുണ്ടായിരുന്നില്ല. അച്ഛന്‍ അമ്മയുടെ കൈപിടിച്ച് അച്ഛന്റെ നെഞ്ചില്‍ വച്ചു…
കാലവും ലോകവും നിശ്ചലമാവുകയായിരുന്നു അന്നേരം. എല്ലാ വെപ്രാളങ്ങളും പരവശങ്ങളും ഒരു നിമിഷം നിര്‍ത്തി അമ്മയുടെ കണ്ണിലേക്കു ദയനീയമായി നോക്കി ‘സിന്ധു…’. ആര്‍ദ്രമായ സ്വരത്തില്‍ അമ്മയുടെ പേര് പറഞ്ഞുകൊണ്ട് ആ കണ്ണുകള്‍ അടഞ്ഞു. അത്രയും പ്രണയാര്‍ദ്രമായിരുന്നു ആ മരണം പോലും.
https://www.facebook.com/vijayshankar.lohithadas/posts/1449704595236589