കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14-ന് നടക്കാനിരിക്കെ ജില്ലകളില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് സാഹചര്യമായതിനാല്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കൂട്ടംചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍.
അതേസമയം തിങ്കളാഴ്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ കള്ളവോട്ട് തടയാനായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കര്‍ശന നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ നടപടി വേണമെന്നുള്ള ഒരുപറ്റം ഹര്‍ജികളിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.
പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്നും തിരിച്ചറിയല്‍ കാര്‍ഡുകളുടെ പരിശോധന കാര്യക്ഷമമാക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമെന്ന് പറഞ്ഞ കോടതി, നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.











