കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ആദ്യമണിക്കൂറില്‍ 18.17 ആണ് പോളിംഗ് ശതമാനം. കോട്ടയവും വയനാടുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തില്‍ എത്തുക. 457 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകീട്ട് ആറന് അവസാനിക്കും. ഇന്നലെ മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ച വോട്ടര്‍മാര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.
അതേസമയം കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം എങ്ങനെ പ്രതിഫലിക്കുമെന്നുകൂടി വ്യക്തമാക്കുന്നതാണ് ഇന്നത്തെ വിധിയെഴുത്ത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് എല്‍ഡിഎഫ് കരുതുമ്പോള്‍ ജോസും കൂട്ടരും പോയത് തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്.