Web Desk
ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിൽ. ചൈനീസ് സേനയുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ കേണലിനും 2 ജവാൻമാർക്കും വീരമൃത്യു വരിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് ഇരു സേനകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ആന്ധ്ര സ്വദേശിയായ കേണൽ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറാണ് സന്തോഷ്. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്. ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഗൽവാൻ താഴ്‍വരയിൽ നിലയുറപ്പിച്ചിട്ടുള്ള ഇൻഫൻട്രി ബറ്റാലിയന്‍റെ കമാൻഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണൽ. ഇന്ത്യ – ചൈന സംഘർഷത്തിൽ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങളിലെയും അതിർത്തി കമാൻഡർമാർ യോഗം ചേരുകയാണ്.സൈനികർ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഏകപക്ഷീയമായ നടപടി എടുക്കരുത്. പ്രകോപനം ഉണ്ടാക്കരുത്. ഇന്ത്യയാണ് അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയതെന്നും ചൈന ആരോപിച്ചു.
ഇന്ത്യ – ചൈന അതിർത്തിയിൽ ഏപ്രിൽ മുതൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിനു ബ്രിഗേഡിയർ, കേണൽ തലത്തിൽ ഇന്നലെയും ചർച്ച നടന്നെങ്കിലും പിൻമാറ്റം സംബന്ധിച്ചു ധാരണയായിരുന്നില്ല. യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്സിലെ പിപി 15,17, പാംഗോങ് തടാകത്തോടു ചേർന്നുള്ള നാലാം മലനിര (ഫിംഗർ 4) എന്നിവിടങ്ങളിലാണു സംഘർഷം നിലനിൽക്കുന്നത്.ഇതിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റമാം ഇന്നലെ ചർച്ചയായിരുന്നു. ഇരുപ്രദേശങ്ങളിൽ നിന്നും പൂർണ പിൻമാറ്റം വൈകാതെയുണ്ടാകുമെന്നു സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. പാംഗോങ് തർക്കവിഷയമായി തുടരുകയാണ്.