തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ വ്യാഴാഴ്ച മുതല്‍ സ്വീകരിക്കും. അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കോ ഉപ വരണാധികാരികള്‍ക്കോ മുന്‍പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാകും പത്രിക സമര്‍പ്പണം.
19 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രികകള്‍ സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി പത്രികാ സമര്‍പ്പണത്തിനെത്തുന്ന സ്ഥാനാര്‍ത്ഥിയടക്കം മൂന്നുപേര്‍ക്ക് മാത്രമെ വരണാധികാരിയുടെ ഓഫീസിലേക്ക് പ്രവേശനമുള്ളൂ.
നോമിനേഷന്‍ ഹാളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കൈ സോപ്പ് ഉപയോഗിച്ചു കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. പത്രികാ സമര്‍പ്പണത്തിനെത്തുന്ന എല്ലാവര്‍ക്കും മാസ്‌കും നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിക്കുകയും വേണം. ഒരു സമയം ഒരു സ്ഥാനാര്‍ത്ഥിയെ മാത്രമേ പത്രിക സമര്‍പ്പിക്കുന്ന ഹാളിലേക്കു പ്രവേശിപ്പിക്കൂ എന്നും നിര്‍ദേശമുണ്ട്.
നോമിനേഷന്‍ സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ. ആള്‍ക്കൂട്ടമോ വാഹന വ്യൂഹമോ ജാഥയോ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരോ ക്വാറന്റൈനില്‍ കഴിയുന്നവരോ ആണെങ്കില്‍ റിട്ടേണിങ് ഓഫിസറെ മുന്‍കൂട്ടി അറിയിക്കണം.
സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവോ നിരീക്ഷണത്തിലോ ആണെങ്കില്‍ നിര്‍ദേശകന്‍ മുഖേന നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സ്ഥാനാര്‍ത്ഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പു രേഖപ്പെടുത്തണം. തുടര്‍ന്ന് സത്യപ്രതിജ്ഞാ രേഖ റിട്ടേണിങ് ഓഫിസര്‍ക്ക് ഹാജരാക്കണം.
അതേസമയം പത്രികകള്‍ സ്വീകരിക്കുന്ന വരണാധികാരികള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. റിട്ടേണിങ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിച്ചിരിക്കണം. ഓരോ നോമിനേഷനും സ്വീകരിച്ച ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.