ഐ.ഗോപിനാഥ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം കൂടി. കോവിഡ് കാല പരിമിതികളോടെയാണെങ്കിലും ഭേദപ്പെട്ട രീതിയില്‍ തന്നെ പാര്‍ട്ടികളും മുന്നണികളും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ്. ആര്‍ക്കുമറിയാവുന്ന പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ്. നിയമസഭ-ലോകസഭ തെരഞ്ഞെടുപ്പുകളില്‍ മുഖ്യപ്രചാരണം രാഷ്ട്രീയ, കക്ഷിരാഷ്ട്രീയ വിഷയങ്ങളാണെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളും വലിയ പ്രാധാന്യം നേടുന്നു.
സ്ഥാനാര്‍ത്ഥികളാകട്ടെ ഏറെക്കുറെ എല്ലാവര്‍ക്കും പരിചിതരാകുമെന്നതിനാല്‍ അവരുടെ വ്യക്തിത്വവും വിജയ ഘടകമാണ്. എന്നാല്‍ ഇതെല്ലാം കണക്കിലെടുത്തുള്ള ഒരു രാഷ്ട്രീയ പ്രചാരണം നടന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെ പറയേണ്ടിവരും. പ്രത്യേകിച്ച് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും അധിക താമസം ഇല്ലാതിരുന്നിട്ടും.
തദ്ദേശ തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന് വാദിക്കുന്നവരുണ്ട്. അതിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും അടിത്തട്ടിലെ ഈ പ്രക്രിയയെ രാഷ്ട്രീയ വിമുക്തമാക്കുക എന്നാല്‍ ജനാധിപത്യത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയലാണ്. മനുഷ്യ സമൂഹം ആഗോളതലത്തില്‍ നേരിടുന്ന വിഷയങ്ങള്‍ മുതല്‍ പ്രാദേശിക വികസന വിഷങ്ങള്‍ വരെയുള്ള എന്തിനോടും സ്ഥാനാര്‍ത്ഥികളുടേയും അവരുടെ പ്രസ്ഥാനങ്ങളുടേയും നിലപാടുകള്‍ ചര്‍ച്ചയാകണം. എന്നാല്‍ അത്തരത്തിലൊരു പ്രചാരണം നടന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
ആഗോളതലം പോയിട്ട് ഇന്ത്യയിലേയും കേരളത്തിലേയും പ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ പോലും ചര്‍ച്ചാവിഷയമായില്ല. ഉദാഹരണം കര്‍ഷകസമരം തന്നെ. പാര്‍ലിമെന്റ് കര്‍ഷക നിയമങ്ങള്‍ പാസാക്കിയപ്പോള്‍ കേരളത്തില്‍ കുറെ ചര്‍ച്ചകളൊക്കെ നടന്നു എന്നത് ശരിയാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയില്‍ ഉജ്ജ്വലമായ സമരം നടക്കുമ്പോള്‍ നാം പൊതുവില്‍ നിശബ്ദരാണ്. അവകാശവാദങ്ങളിലും പ്രൊഫൈല്‍ ചിത്രം മാറ്റുന്നതിലുമൊക്കെ ഒതുങ്ങുന്നു നമ്മുടെ പങ്കാളിത്തം. കാലങ്ങളായി നമ്മള്‍ നടപ്പാക്കുന്ന വികസന നയങ്ങള്‍ കൃഷിയെ തന്നെ ഇല്ലാതാക്കിയ സാഹചര്യത്തില്‍ ഇതു സ്വാഭാവികമാകാം. എന്നാല്‍ പല സുപ്രധാന ചരിത്ര നിമിഷങ്ങളിലും രാഷ്ട്രീയ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമ്മള്‍ അങ്ങനെതന്നെയായിരുന്നു.
നക്സല്‍ബാരിക്കുശേഷം രാജ്യമെങ്ങും അലയടിച്ച കര്‍ഷക-വിദ്യാര്‍ത്ഥി സമരങ്ങള്‍, 1970കളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ, വിദ്യാര്‍ത്ഥി-യുവജന സമരങ്ങള്‍, രാജ്യം മുഴുവന്‍ അടിയന്തരാവസ്ഥക്കെതിരെ വോട്ടുചെയ്തപ്പോള്‍ നമ്മളതിനെ അംഗീകരിച്ചത്, പല സംസ്ഥാനങ്ങളിലും അലയടിച്ച ഫെഡറലിസത്തിനായുള്ള ദേശീയ, ഭാഷാ സമരങ്ങള്‍, സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമായ മണ്ഡല്‍ കമ്മീഷനും തുടര്‍ന്നുണ്ടായ പിന്നോക്ക-ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങളും, ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും കാശ്മീരിന്റെ അവകാശങ്ങള്‍ എടുത്തു കളഞ്ഞപ്പോഴും പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങളും, രോഹിത് വെമുലക്കുശേഷം രാജ്യത്തെ ക്യാമ്പസുകളിലും പൊതുയിടങ്ങളിലും നടന്ന ദളിത്-വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍, നോര്‍ത്ത് ഈസ്റ്റിലും മറ്റും സജീവമായ ആദിവാസി സമരങ്ങള്‍ എന്നിങ്ങനെ ഈ പട്ടിക നീളുന്നു. ഇതേ സമീപനം തന്നെയാണ് കര്‍ഷക സമരത്തോടും നാം സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയായിട്ടു പോലും സാമൂഹ്യ നീതിയെ അട്ടിമറിക്കുന്ന മുന്നോക്ക സംവരണ വിഷയവും മുഖ്യധാരയിലുള്ള ആരും തന്നെ ഉന്നയിക്കുന്നില്ല.
നമ്മള്‍ അനുദിനം അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ് എന്നതിനുള്ള തെളിവാണിതെല്ലാം. എന്തിനേറെ, സമീപകാലത്തെ പ്രധാന ചര്‍ച്ചാ വിഷയമായ അഴിമതി ആരോപണങ്ങള്‍പോലും നേതാക്കളുടെ ചാനല്‍ ചര്‍ച്ചകളിലൊഴികെ മറ്റെവിടേയും കാര്യമായി കേട്ടില്ല. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തവും. തുടക്കത്തില്‍ പറഞ്ഞ പോലെ പ്രാദേശിക വിഷയങ്ങള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും അതില്‍ മാത്രം ഊന്നുന്ന സമീപനമാണ് പൊതുവില്‍ പ്രചാരണ വേളകളില്‍ കണ്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ അധികാരവും ഫണ്ടുമൊക്കെയുള്ള കാലമാണിത്. ജാതീയത കൊടികുത്തി വാഴുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അമിതാധികാരം നല്‍കിയാല്‍ അത് ഫലത്തില്‍ ആരായിരിക്കും കയ്യാളുക എന്ന ഭീതി പണ്ടു മുതലേ ഉണ്ടായിരുന്നു. എന്നാല്‍ ഈ വിഷയം ഒരു പരിധിവരെ കേരളം മറികടന്നിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ രാജ്യം കുറെ മുന്നോട്ടുപോയി. കേരളത്തിലാകട്ടെ ജനകീയാസൂത്രണ പ്രക്രിയ ഈ മാറ്റത്തെ ത്വരിതപ്പെടുത്തി. പലപ്പോഴും ഫണ്ടുകള്‍ പൂര്‍ണമായും വിനിയോഗിക്കുന്നില്ല എന്നതാണ് സത്യം.
സര്‍ക്കാര്‍ വകുപ്പുകളെ സമന്വയിപ്പിച്ച് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പലപ്പോഴും കഴിയാറില്ല. റോഡ് നന്നാക്കലും അതിനു പുറകെ പൈപ്പിടാന്‍ കുത്തിപ്പൊളിക്കലുമൊക്കെ സ്ഥിരം കാഴ്ചയാണല്ലോ. സ്ഥാനാര്‍ത്ഥികള്‍ പ്രധാനമായും ഉന്നയിക്കുന്ന റോഡുകളും കുടിവെള്ള വിതരണവും മറ്റും കുറ്റമറ്റതാക്കാന്‍ ഇപ്പോഴും കഴിയുന്നില്ല എന്നതാണ് വസ്തുത. നഗരങ്ങളിലെ മാലിന്യ സംസ്‌കരണത്തിന്റെ കാര്യം പറയാനുമില്ല. മൃതദേഹ സംസ്‌കരണത്തിന്റേയും. കാര്‍ഷിക മേഖലക്കായി പല പദ്ധതികളുമുണ്ടെന്ന് പറയുമ്പോഴും വ്യക്തിപരമായ മുന്‍കൈകള്‍ ഒഴികെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ കാര്യമായൊന്നും നടക്കുന്നില്ല.
മറുവശത്താകട്ടെ പല നിര്‍ണായക വിഷയങ്ങളിലും ഭരണസമിതികള്‍ നിശബ്ദരായി ഇരിക്കേണ്ടിവരാറുണ്ട്. ഉദാഹരണം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വന്‍കിട സ്ഥാപനം വരുകയാണെങ്കില്‍. പ്ലാച്ചിമടയിലും കാതിക്കുടത്തുമൊക്കെ ഇത് നാം കണ്ടു. അവിടങ്ങളില്‍ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിഷേധിച്ച പഞ്ചായത്ത് നടപടികള്‍ കോടതികള്‍ റദ്ദാക്കുകയുണ്ടായി. എന്തിനേറെ, ആദിവാസികളുടെ വനാവകാശം പോലും വെല്ലുവിളിച്ചാല്‍ അതിരപ്പിള്ളിയും ഇപ്പോള്‍ ആനക്കയവും നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
വന്‍കിട പദ്ധതികള്‍ക്കായി ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കലുകള്‍ നടക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് ആവുന്നില്ല. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഗ്രാമസഭകള്‍ മിക്കപ്പോഴും നോക്കുകുത്തികളാണ്. ജനകീയാസൂത്രണം ഏറെക്കുറെ പാര്‍ട്ടി ആസൂത്രണമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കൃത്യമായി നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട്.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എടുത്തു പറയത്തക്ക ഒന്ന് സ്ത്രീകളുടെ സാന്നിധ്യമാണല്ലോ. 50 ശതമാനം സംവരണം തന്നെയുള്ളതിനാല്‍ പലപ്പോഴും അതിനേക്കാള്‍ കൂടാറുണ്ട്. നിരവധി സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കഴിവ് പ്രകടിപ്പിക്കുന്നുമുണ്ട്. എങ്കിലും പുരുഷന്റേയും പാര്‍ട്ടിയുടേയും ബാക്ക് സീറ്റ് ഡ്രൈവിംഗ് തുടരുകയാണ്. പലരുടേയും പൊതു ജീവിതം അഞ്ചുവര്‍ഷം കൊണ്ട് അവസാനിക്കുന്നതും കാണാം.
മത്സരിച്ച മണ്ഡലം ജനറലാകുമ്പോള്‍ ഇവര്‍ പുറത്താകുന്നു. അടുത്ത തവണ മറ്റാരെങ്കിലും മത്സരിക്കാം. മെമ്പര്‍മരല്ലാതാകുന്ന സ്ത്രീകള്‍ക്കാകട്ടെ കാര്യമായ പ്രവര്‍ത്തന മണ്ഡലമില്ലാത്തതിനാല്‍ ഗൃഹഭരണത്തിലേക്ക് തിരിച്ചുപോകുന്നു. ജനറല്‍ സീറ്റുകളില്‍ സ്ത്രീകള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കാന്‍ പാര്‍ട്ടികള്‍ തയ്യാറാകണം. ചെറിയ മാറ്റങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ കാണാനുണ്ട്. മാത്രമല്ല, ഇക്കുറി ചെറുപ്പക്കാര്‍ കൂടുതല്‍ രംഗത്തുണ്ട്. തീര്‍ച്ചയായും പിന്തുണക്കേണ്ട പ്രവണതയണത്.
ശ്രദ്ധേയമായ മറ്റൊന്ന് കക്ഷി രാഷ്ട്രീയത്തെ മറികടക്കുന്ന ചില കൂട്ടായ്മകളാണ്. പലയിടത്തും ജനകീയ സമര കൂട്ടായ്മകളും രംഗത്തുണ്ട്. ജനമുന്നേറ്റം, 20-20, ദി പീപ്പിള്‍, വി ഫോര്‍ പീപ്പിള്‍ തുടങ്ങി പല പേരുകളിലും പലയിടത്തും ജനകീയ കൂട്ടായ്മകള്‍ രംഗത്തുണ്ട്. അരാഷ്ട്രീയമെന്നു ആക്ഷേപിക്കാമെങ്കിലും തദ്ദേശ സ്വയംഭരണ മേഖലകളില്‍ ഇത്തരം കൂട്ടായ്മകള്‍ ആവശ്യമാണ്. പല ജനവിരുദ്ധ നടപടികളിലും ഒന്നിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് തിരുത്തല്‍ ശക്തിയാകാനെങ്കിലും ഇവക്കാകും.
ചെല്ലാനം, പിഴല, വയല്‍ക്കിളികള്‍, ടോള്‍ തുടങ്ങി പല ജനകീയ സമരപ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. കാലങ്ങളായുള്ള തങ്ങളുടെ അവകാശങ്ങളോടും പോരാട്ടങ്ങളോടും മുഖംതിരിക്കുന്നതിനെതിരെയാണ് ഇവരുടെ പോരാട്ടം. കോഴിക്കോട് അലന്റെ പിതാവ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഏറ്റവും ശ്രദ്ധേയം. ഭരണകൂട ഭീകരതക്കെതിരെയാണ് അദ്ദേഹം പോരാടുന്നത്. ഇവരുടെയെല്ലാം പങ്കാളിത്തം ജനാധിപത്യ പ്രക്രിയയെ കൂടുതല്‍ കരുത്തുള്ളതാക്കാനും രാഷ്ട്രീയ പാര്‍ട്ടികളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാനും സഹായിക്കുമെന്ന് കരുതാം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെങ്കിലും സജീവ ചര്‍ച്ചയായ മറ്റൊരു വിഷയം കൂടി സൂചിപ്പിക്കട്ടെ. തിരുവനന്തപുരത്തെ വനിതാ സ്ഥാനാര്‍ത്ഥിയുടെ ജാതിയുമായി ബന്ധപ്പെട്ട വിഷയമാണ് ഉദ്ദേശിക്കുന്നത്. ഒരു വശത്ത് ജാതിക്കതീതരാണെന്ന മിത്ത് സൃഷ്ടിക്കുകയും മറുവശത്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജാതി ഇടപെടുകയും ചെയ്യുന്ന കേരള സമൂഹത്തിന്റെ കാപട്യമാണ് ഇതിലൂടെ പുറത്തുവന്നത്.
തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥിയുടെ പേര് രണ്ടു തരത്തിലടിച്ച പോസ്റ്റര്‍ പുറത്തുവന്നതാണ് ഈ ചര്‍ച്ചക്ക് പ്രധാന കാരണമായത്. സംഭവത്തെ സാങ്കേതികമായി ന്യായീകരിക്കാനാണ് സ്ഥാനാര്‍ത്ഥിയുടേയും പ്രവര്‍ത്തകരുടേയും ശ്രമം. തെരഞ്ഞെടുപ്പ് കമ്മീഷനാണത്രെ ഇതിനു കാരണം. കമ്യൂണിസ്റ്റ് കുടുംബാംഗമായ ഇവര്‍ പേരിനു പുറകില്‍ നായര്‍ വാല്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് ചെയ്യുമെന്ന് കരുതാമോ?
നായര്‍ എന്ന വാലിന് കേരളീയ സമൂഹം നല്‍കുന്ന പ്രിവിലേജ് തന്നെയാണ് പ്രശ്‌നം. ആ പ്രിവിലേജ് തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു സംവിധാനത്തിന്റെ സൃഷ്ടിയാണല്ലോ. ഇവര്‍ ഒരു അവര്‍ണ ജാതിയിലാണ് ജനിച്ചിരുന്നതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് നായര്‍ വോട്ടുകളുടെ സ്വാധീനവും കൂടി പരിഗണിച്ചായിരിക്കാം ഈ പേരുതിരുത്തല്‍. എല്ലാ മുന്നണികളും തിരുവനന്തപുരത്ത് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം നായര്‍ വിഭാഗക്കാരാണെന്ന് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ.
തീര്‍ച്ചയായും കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല, എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. കേരളം ഇടതുപക്ഷ പ്രബുദ്ധമാണെന്നും അത് സൃഷ്ടിച്ചത് തങ്ങളാണെന്നും കമ്യൂണിസ്റ്റുകാര്‍ അവകാശപ്പെടുന്നതിനാലാണ് അവര്‍ക്കെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതെന്ന് മാത്രം. സത്യത്തില്‍ നവോത്ഥാനകാലമെന്ന പേരില്‍ വിശേഷിക്കപ്പെടുന്ന കാലത്തുണ്ടായ മിക്ക മുന്നേറ്റങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന് മുമ്പായിരുന്നു എന്നറിയാന്‍ സാമാന്യ ചരിത്രബോധം മാത്രം മതി. നേരത്തെ പറഞ്ഞ പോലെ ആ മണ്ണില്‍ വിത്തെറിയുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍ ചെയ്തത്. പക്ഷെ ജാതിയെന്ന കളയെ വലിച്ചെറിയാന്‍ അവരും തയ്യാറായില്ല. അതും വളര്‍ന്നുകൊണ്ടേയിരുന്നു.
ലോകത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധ സംവിധാനമാണ് ജാതിയെന്ന വാദത്തെ അംഗീകരിക്കാത്ത, പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന നിരവധി പേര്‍ നമുക്കു ചുറ്റുമുണ്ട്. തനിക്കൊരു ജാതിബോധവുമില്ലെന്നും അതൊരു വ്യക്തിപരമായ വിഷയമാണെന്നും അവര്‍ വാദിക്കുന്നു. അതിന്റെയൊക്കെ തുടര്‍ച്ചയാണ് കഴിവും സാമ്പത്തികവുമാണ് പ്രധാനമെന്നു വാദിക്കുന്ന സാമ്പത്തിക സംവരണവാദം.
എനിക്കു ജാതിയില്ല എന്നു ഞാന്‍ പറഞ്ഞാല്‍ ഇല്ലാതാകുന്ന ഒന്നല്ല ജാതി. അതൊരു വ്യക്തിപരമായ പ്രശ്‌നവുമല്ല, സാമൂഹ്യ പ്രശ്‌നമാണ്. തനിക്കുവേണ്ട എന്നു പറഞ്ഞാലും ജാതിയുടെ പ്രിവിലേജ് സവര്‍ണര്‍ക്കും പീഡനങ്ങള്‍ അവര്‍ണര്‍ക്കും ലഭിക്കുമെന്നുറപ്പ്. മതം പോലേയോ ഭാഷ പോലേയോ ദേശീയത പോലേയോ സംസ്‌കാരം പോലേയോ വര്‍ണ്ണം പോലേയോ ലിംഗം പോലേയോ വര്‍ഗ്ഗം പോലേയോ ഉള്ള ഒരു സംവിധാനമല്ല ജാതി. ഇവയെല്ലാം നിലനിന്നുകൊണ്ടുതന്നെ, ഒരുപക്ഷെ തുല്യതയോടുള്ള സഹവര്‍ത്തിത്വം നമുക്ക് ആഗ്രഹിക്കാം, വിഭാവനം ചെയ്യാം. എന്നാല്‍ ജാതിയില്‍ അത് അസാധ്യമാണ്. കാരണം തുല്യതയില്ലായ്മയുടെ, വിവേചനത്തിന്റെ പേരാണ് ജാതി. മനുഷ്യരെ തട്ടുകളായി വിഭജിക്കുകയും ഏറ്റവും താഴെയുള്ള തട്ടിലുള്ളവര്‍ പോലും അത് ദൈവഹിതമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന സംവിധാനം. ഹിറ്റ്‌ലറേക്കാള്‍ എത്രയോ ഭീകരനാണ് മനു എന്ന് സഹോദരന്‍ അയ്യപ്പന്‍ വിശേഷിപ്പിക്കാന്‍ കാരണവും മറ്റൊന്നല്ല. ഭരണഘടനയേക്കാള്‍ നമ്മള്‍ പ്രാധാന്യം നല്‍കുന്നത് മനുസ്മൃതിക്കാണെന്ന് ശബരിമല വിവാദ കാലത്ത് തെളിഞ്ഞതാണല്ലോ. സ്ത്രീ പുരുഷ സമത്വം പോലേയോ ഹിന്ദു മുസ്ലിം സൗഹാര്‍ദം പോലേയോ കറുത്തവരും വെളുത്തവരും തുല്യതയുള്ളവരാകുന്നത് പോലേയോ ഒന്ന് ജാതിയില്‍ സാധ്യമല്ല. കാരണം തുല്യതയുണ്ടെങ്കില്‍ ജാതിയില്ല എന്നതുതന്നെ. വിവേചനമാണ് ജാതി എന്നതു തന്നെ.
കേരളം ജാതിയെ മറികടന്നു എന്നു വാദിക്കുന്നവര്‍ക്കായി ഏതാനും സമകാലിക സംഭവങ്ങള്‍ മാത്രം സൂചിപ്പിക്കാം. വിനായകന്‍, കെവിന്‍, ചിത്രലേഖ, അശാന്തന്‍, വടയമ്പാടി, ജിഷ, മധു, ഗോവിന്ദാപുരം, പേരാമ്പ്ര, കുറ്റുമുക്ക് ശിവക്ഷേത്രത്തിലെ ശൗചാലയം, പെട്ടിമുടി, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍, മുത്തങ്ങ, ചെങ്ങറ ഇവയുടെയെല്ലാം അന്തര്‍ധാര ജാതിയല്ലാതെ മറ്റെന്താണ്? കേരളത്തിലെ ഭൂരഹിതരില്‍ മഹാഭൂരിപക്ഷവും ആരാണ്? ക്രയവിക്രയത്തിനോ വായ്പയെടുക്കാനോ ഭൂമിയില്ലാത്തതിനാല്‍ ഒരു സംരംഭത്തിന് തുടക്കം കുറിക്കാന്‍ കഴിയാത്തവരില്‍ ഭൂരിഭാഗവും ആരാണ്? കേരളത്തിന്റെ സമ്പദ് ഘടനയില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രവാസത്തില്‍ കാര്യമായ പങ്കാളിത്തമില്ലാത്തത് ആര്‍ക്കാണ്? ആരാധനാലയങ്ങളില്‍ ഇപ്പോഴും പല രീതിയിലുള്ള അയിത്തം നേരിടുന്നത് ആരാണ്? ഇത്തരത്തില്‍ എത്രയോ ചോദ്യങ്ങള്‍ ചോദിക്കാം. അവയുടെയെല്ലാം ഉത്തരം ജാതിയെന്നുതന്നെ. ലോകത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധ സംവിധാനം തന്നെയാണ് ജാതി. അതിനാല്‍ തന്നെ ഈ ജനാധിപത്യ പ്രക്രിയയില്‍ പരിമിതമായ തോതിലാണെങ്കിലും ജാതി ചര്‍ച്ചാ വിഷയമായത് സ്വാഗതാര്‍ഹമാണ്.











