കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പി.സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്നായിരുന്നു പി.സി ജോര്‍ജിന്റെ ആവശ്യം. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുകയെന്നും ഇക്കാര്യങ്ങളില്‍ രാഷ്ട്രീയ കക്ഷികളോടടക്കം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്നതാണ് ഉചിതം എന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. എങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം പോലീസ് സേനയെ നല്‍കും. പോലീസ് വിന്യാസത്തിന്റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വ്യാഴാഴ്ച വരുമെന്നാണ് സൂചന. വോട്ടെടുപ്പ് ദിവസവും അതിന് തൊട്ടുമുന്‍പും കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനുള്ള നടപടികളും കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടികാഴ്ച നടത്തും.