Web Desk
എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് 2 വർഷം. 2018 ജൂലൈ 2നു പുലർച്ചെ 12.45നാണു എസ്‌ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളുടെ കുത്തേറ്റു അഭിമന്യു കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളായ വിനീതിനും അർജുനും കുത്തേറ്റിരുന്നു.
അഭിമന്യുവിനെ കുത്തിയ പ്രതി സഹൽ ഹംസയാണു കേസിൽ അവസാനം കീഴടങ്ങിയത്. സഹൽ അടക്കം 16 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങിയിരുന്നു. അതിനിടയിലാണു പിടികിട്ടാപ്പുള്ളി കോടതിയിൽ കീഴടങ്ങിയത്. കേസിന്‍റെ വിചാരണ സെപ്റ്റംബറിൽ ആരംഭിക്കും. അഭിമന്യുവിന്‍റെ കുടുംബത്തെ സഹായിക്കാൻ സിപിഎം നേതൃത്വത്തിൽ ജന്മസ്ഥലമായ ഇടുക്കി വട്ടവടയിൽ നിർമിച്ച വീടു കൈമാറിയിരുന്നു. വട്ടവട പഞ്ചായത്ത് ഓഫിസിന്‍റെ ഭാഗമായി അഭിമന്യു ലൈബ്രറിയും സ്വപ്‌നമായിരുന്ന പിഎസ്‌സി പരിശീലന കേന്ദ്രവും തുടങ്ങി.
അഭിമന്യു അനുസ്മരണവും ‘അഭിമന്യു’ എന്ന സംഗീത ശിൽപത്തിന്‍റെ പ്രകാശനവും ഇന്ന് നടക്കും. മഹാരാജാസ് കോളജ് ഹിന്ദി വിഭാഗം അധ്യാപിക ഡോ. റീന സാം എഴുതി അനന്തരാമനും സെബാസ്റ്റ്യൻ വർഗീസും ചേർന്നു സംഗീതം നൽകി ആലപിച്ച സംഗീത ശിൽപത്തിന്‍റെ പ്രകാശനം ഗാനരചയിതാവ് ഡോ. മധു വാസുദേവൻ നിർവഹിക്കും.