സുധീര്‍നാഥ്
കേരളത്തില്‍ പ്രമുഖരായ രണ്ട് അബ്ക്കാരികളാണ് ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂര്‍കാരന്‍ കെ. എസ് ചാത്തുണ്ണിയും, പാലാക്കാരന്‍ മണര്‍കാട് പാപ്പനും. പാലായിലെ മഹാറാണി മദ്യഷാപ്പ് വളരെ പ്രശസ്തമാണ്. പില്‍ക്കാലത്ത് കോഴിക്കോട് പ്രശസ്തമായ മഹാറാണി ബാര്‍ ഹോട്ടലും അദ്ദേഹത്തിന്‍റെ തന്നെ നിര്‍മ്മിതിയാണ്. ചാത്തുണ്ണിയുടേതാണ് പ്രശസ്തമായ ത്യശ്ശൂരിലെ എലയ്റ്റ് ബാര്‍ ഹോട്ടല്‍. മണര്‍കാട് പാപ്പനെ ചുറ്റിപ്പറ്റി രസകരമായ ഒട്ടേറെ കഥയുണ്ട്. തന്‍റെ കടയിലേക്ക് മദ്യപന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു നല്ല പരസ്യവാചകം വേണമെന്ന് അദ്ദേഹം ഒരിക്കല്‍ തീരുമാനിച്ചു. പരസ്യ വാചകം എഴുതാന്‍ അദ്ദേഹം കണ്ടെത്തിയത് ചലച്ചിത്ര പ്രവര്‍ത്തകനായ ജോണ്‍ എബ്രഹാമിനെ ആയിരുന്നു. മണര്‍കാട് പാപ്പന്‍, ജോണ്‍ എബ്രഹാമിനെ പാലായിലെ മീനച്ചിനാല്‍ തീരത്തുള്ള മഹാറാണി ഹോട്ടലില്‍ താമസിപ്പിച്ച് സല്‍ക്കരിച്ചു. ആറാം നാളിലാണ് ജോണ്‍ എബ്രഹാം പരസ്യവാചകം എഴുതിയത് എന്നാണ് കോട്ടയത്ത് പറഞ്ഞു കേള്‍ക്കുന്ന കഥ. ڇമണര്‍കാട് പാപ്പന്‍റെ ഷാപ്പീന്ന് കൂടിച്ചേച്ച് പോടാ @@@@… ڇ എന്നായിരുന്നു പരസ്യ വാചകം.
മറ്റൊരു രസകരമായ കഥ മണര്‍കാട് പാപ്പനെ കുറിച്ച് ഉണ്ട് എന്നാണ് കോട്ടയത്തെ സഹൃദയര്‍ പറയുന്നത്. മണര്‍കാട് പാപ്പന്‍ ഇടുക്കിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഇടുക്കിയിലെ അബ്ക്കാരി റേഞ്ചും തോട്ടങ്ങളും മണര്‍കാട് പാപ്പന്‍റെ ആയിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം എല്ലാവര്‍ക്കും പണം കൊടുത്തു. ഇത് കണ്ട് മാനേജര്‍ അദ്ദേഹത്തിനോട് ചോദിച്ചു, ഇവരെല്ലാം നമ്മളുടെ തൊഴിലാളികളാണ്. ഇവര്‍ക്ക് പണം കൊടുക്കാതെ തന്നെ നമുക്ക് വോട്ട് ചെയ്യും. ഇടുക്കിയിലെ പ്രമുഖ അബ്ക്കാരിയായ മണര്‍കാട് പാപ്പന്‍ പറഞ്ഞ മറുപടിയാണ് രസകരം. ഞാന്‍ കൊടുത്ത ഈ പണം മുഴുവനും വൈകുന്നേരം നമ്മുടെ പെട്ടിയില്‍ തന്നെ വീഴും.
തൃക്കാക്കരയിലും ഉണ്ടായിരുന്നു ഷാപ്പുകള്‍. കുട്ടിക്കാലത്ത് കള്ളും ചാരായവും പേടി സ്വപ്നമായിരുന്നു. തൃക്കാക്കരയില്‍ പ്രശസ്തമായ കള്ളുഷാപ്പും അതിപ്രശസ്തമായ ചാരായ ഷാപ്പും ഉണ്ടായിരുന്നു. കള്ളിനേക്കാള്‍ വീര്യം കൂടുതലാണ് ചാരായത്തിന് എന്ന് പിന്നീടാണ് മനസ്സിലായത്. കുട്ടിക്കാലത്ത് മനസ്സില്‍ തങ്ങി നില്‍ക്കുന്ന രണ്ട് കടകളാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള നീലാണ്ടന്‍ നായരുടെ ഉടമസ്ഥതയിലുള്ള ചാരായ ഷാപ്പും, ഉണിച്ചിറയിലെ കള്ളുഷാപ്പും. വൈകുന്നേരങ്ങളില്‍ രണ്ടിടത്തു നിന്നും വരുന്ന ആളുകള്‍ നൃത്തം ചെയ്ത് ചുവടു വച്ചാണ് മുന്നോട്ട് നടന്നിരുന്നത്. ചിലര്‍ പാട്ടുപാടും. സംഭവം അകത്ത് കയറിയാല്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നവരേയും അറിയാം. മറ്റു ചിലര്‍ കട തിണ്ണയിലോ വഴിയരികിലോ തളര്‍ന്നുറങ്ങും. റോഡിന്‍റെ വീതി അളന്ന് വരുന്ന പരിചിത മുഖങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി സമ്മാനിക്കുന്നു.
ഉണിച്ചിറയിലെ കള്ള് ഷോപ്പ് ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കാഴ്ചയാണ്. തൊഴിലിടങ്ങളില്‍ നിന്ന് പണി കഴിഞ്ഞ് കള്ള് ഷാപ്പില്‍ കയറി, ഒരു കുപ്പി കള്ളു കുടിച്ച് വീട്ടിലേക്ക് മടങ്ങുന്ന എത്രയോ പേര്‍ തൃക്കാക്കരയില്‍ ഉണ്ടായിരുന്നു. കള്ളു ഷാപ്പിലെ കറി ഇന്ന് വളരെ പ്രശസ്തമാണ്. വലിയ വലിയ ഹോട്ടലുകളില്‍ പോലും കള്ളു ഷാപ്പിലെ കറി എന്ന് പറഞ്ഞാണ് വിതരണം ചെയ്യുന്നത് പോലും. കള്ള് ഒരു ലഹരി ആണെങ്കിലും അത് ഉപദ്രവകാരിയല്ല എന്ന് പിന്നീടാണ് മനസ്സിലായത്.
കുറച്ചുകൂടി വീര്യം കൂടിയ ചാരായം കുടിക്കാന്‍ തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തേക്ക് എത്തുന്ന ചിലരുണ്ട്. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന ചാരായ കട മനസ്സിനുള്ളില്‍ ഒരു പേടിസ്വപ്നമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. പഴയ ചാരായ കട ഇന്നില്ല. അവിടെ തണലായി അന്നുണ്ടായ മാവ് ഇന്നും ഉണ്ട്. കുട്ടിക്കാലത്ത് കള്ളും ചാരായവും ഒരേ ഗണത്തില്‍പ്പെടുത്തി വിലയിരുത്തുകയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് കടകളിലും കറുത്ത ബോര്‍ഡുകളില്‍ വെളുത്ത അക്ഷരത്തിലാണ് കള്ള്, ചാരായം എന്ന് എഴുതിയിരുന്നത് എന്നത് ശ്രദ്ധേയം.
അസ്വഭാവികമായി സംസാരിക്കുന്നതും, വല്ലാതെ ഒരു നോട്ടവും മദ്യപാനം കഴിഞ്ഞവരില്‍ കാണാമായിരുന്നു. അതായിരുന്നു ഞങ്ങളെ ഭയപ്പെടുത്തുന്നത്. ഇന്നതെല്ലാം ഓര്‍ക്കുമ്പോള്‍ ഒരു ചിരിക്കുള്ള വക മാത്രം. മദ്യപിച്ച് ബോധം പോകുന്ന വ്യക്തികള്‍ ഇപ്പോള്‍ ഭയപ്പെടുത്തുന്നില്ല. പകരം, ഒരു കോമാളിയേക്കാള്‍ മികച്ച ഹാസ്യ കഥാപാത്രമായി മാറുന്നു.