തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കെതിരെ നുണപ്രചാരണം നടത്തുകയാണെന്നും അതിനാല്‍ ആരോപണങ്ങളില്‍ ഭയന്ന് പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിയിലെ പുതിയ ഭവനങ്ങളുടെ ഉദ്ഘാടനചടങ്ങിലാണ് ആരോപണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയത്. രണ്ടര ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനം കിട്ടിയ പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വച്ചാണ് പദ്ധതിയെ അപഹസിക്കാനും ഇടിച്ചുതാഴ്ത്താനും ചിലര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ടാസ്ക് ഫോഴ്സില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ലൈഫ് പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകര്‍പ്പ് തനിക്ക് കിട്ടിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒന്നരമാസമായിട്ടും ലൈഫ് ധാരണാപത്രത്തിന്റെ പകര്‍പ്പ് നല്‍കാത്ത സര്‍ക്കാര്‍ ലൈഫ് ടാസ്ക് ഫോഴ്സില്‍ നിന്ന് രാജിവച്ച ശേഷമാണ് തനിക്ക് പകര്‍പ്പ് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിജിലന്‍ലസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം പരിഹാസ്യമാണെന്നും മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നും ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.










