തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി എട്ടു മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
ഓഗസ്റ്റിലാണ് നിയമസഭ ഏറ്റവും ഒടുവില്‍ സമ്മേളിച്ചത്. സമ്മേളനത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയടക്കം ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസത്തോടെ സഭയെ അഭിമുഖീകരിക്കാം. കാലാവധി തികയ്ക്കാനൊരുങ്ങുന്ന സര്‍ക്കാരിനെ സംബന്ധിച്ച് ഈ സമ്മേളനം നിര്‍ണായകമാണ്.
അതേസമയം വിവിധ സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളില്‍ 32 തസ്തികകള്‍ സൃഷ്ടിക്കുന്നതടക്കമുള്ള തീരുമാനങ്ങളും വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം കൈക്കൊണ്ടു. അസിസ്റ്റന്റ് പ്രൊഫസര്‍ – 9, അസോസിയേറ്റ് പ്രൊഫസര്‍ – 22, പ്രൊഫസര്‍ – 1 എന്നിങ്ങനെയാണ് പുതുതായി സൃഷ്ടിക്കുന്ന തസ്തികകള്‍. 16 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളാക്കി ഉയര്‍ത്താനും യോഗം തീരുമാനിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ 17 അധിക തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി.