ഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. അവസാന കേസായി ഉള്‍പ്പെടുത്തിയിരുന്ന ലാവ്ലിന്‍ കേസ് കോടതി സമയം അവസാനിച്ച സാഹചര്യത്തിലാണ് പരിഗണിക്കപ്പെടാതെ പോയത്. കേസില്‍ സമര്‍പ്പിച്ച വാദങ്ങളുടെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇന്നും സാധിക്കാതിരുന്ന സിബിഐയ്ക്ക് ഫലത്തില്‍ കേസ് ചൊവ്വാഴ്ചത്തെയ്ക്ക് മാറിയത് അനുഗ്രഹമായി.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്ക് എതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ജസ്റ്റിസ് യുയു.ലളിത് അധ്യക്ഷനായ ബഞ്ചിന്റെ കോടതി സമയം ഈ കേസിലെയ്ക്ക് എത്തും മുന്‍പേ അവസാനിച്ചു. 2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ട് സിബിഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
രണ്ട് കോടതികള്‍ തള്ളിയ കേസായതിനാല്‍ ശക്തമായ വാദങ്ങള്‍ ഉണ്ടെങ്കിലെ അപ്പീല്‍ നിലനില്‍ക്കു എന്ന് സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബറില്‍ സിബിഐ വദങ്ങള്‍ എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ വദങ്ങളിലെ രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഇന്നും രേഖകള്‍ ഹാജരാക്കാതിരുന്ന സിബിഐയ്ക്ക് കേസ് സമയ ദൈര്‍ഘ്യം കൊണ്ട് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റപ്പെട്ടത് സൗകര്യമായി. സമയം അവസാനിച്ച പശ്ചാത്തലത്തില്‍ കേസ് ചൊവ്വാഴ്ച കേള്‍ക്കണമെന്ന സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന സുപ്രിംകോടതി അംഗികരിച്ചു. ചെവ്വാഴ്ച കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.

















