ഡല്‍ഹി: ലഡാക്കില്‍ ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പാന്‍ഗോംഗ് തടാകത്തിന് തെക്കുവശത്തായാണ് ചൈന ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനുളള കമാന്‍ഡര്‍മാരുടെ ഉന്നതതല ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് കേബിള്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുളള അഞ്ചിന ഉടമ്പടിക്ക് ധാരണയായിരുന്നു.
സൈനികര്‍ക്ക് സുരക്ഷിതമായ ആശയവിനിമയം നടത്തുന്നതിനുളള സൗകര്യം ഓരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേപ്പറ്റി പ്രതികരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല. തടാകത്തിന്റെ തെക്ക് ഭാഗത്തായി 70 കിലോമീറ്ററോളം പ്രദേശത്ത് ഇന്ത്യയുടെയും ചൈനയുടെയും ആയിരക്കണക്കിന് സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നിടത്താണ് കേബിളുകള്‍ സ്ഥാപിക്കുന്നതെന്നാണ് വിലയിരുത്തല്‍. വളരെ വേഗത്തിലാണ് പ്രദേശത്ത് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതേക്കുറിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.