തിരുവനന്തപുരം: രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായ മാധ്യമ പ്രവർത്തകനെ ചികിത്സിക്കാൻ വിസമ്മതിച്ച എംഎൽഎ ഹോസ്റ്റലിലെ ഡോക്ടർമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. മാധ്യമപ്രവർത്തകനായ എൽ അജിത് സമർപ്പിച്ച പരാതിയിലാണ് നടപടി.
വാർത്താ ശേഖരണത്തിന്റെ ഭാഗമായി എംഎൽഎയെ കാണാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. എന്നാല്‍ അവിടെവെച്ച് രക്തസമ്മർദ്ദം ഉയരുകയും പെട്ടെന്ന് തലവേദന വരികയും ചെയ്തതോടെ അദ്ദേഹം ഹോസ്റ്റലിലുള്ള ആരോഗ്യ വകുപ്പിന്റെ ക്ലിനിക്കിലെത്തുകയായിരുന്നു. മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകിയാൽ മാത്രമേ തനിക്ക് ചികിത്സിക്കാൻ കഴിയുകയുള്ളുവെന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.
രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഹോസ്റ്റലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന് അരികിലെത്തിയപ്പോൾ തലവേദന കൂടി താൻ ബോധരഹിതനായെന്ന് പരാതിയിൽ പറയുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത് . ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും മറുപടി കിട്ടിയില്ലെന്നും പരാതിയിൽ പറയുന്നു.