ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് ഇന്ന് മെഴുകുതിരി തെളിയിച്ച് പ്രതിഷേധം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ആറിന് ജന്ദര്‍മന്തറിലാണ് പ്രതിഷേധം.
ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി ഇരുപതുകാരി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെ യുപി പോലീസ് അന്യായമായി അറസ്റ്റ് ചെയ്തത്. യുഎപിഎ അടക്കമുള്ള കുറ്റമാണ് കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ കാപ്പനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. സുപ്രീംകോടതിയിലെ കേസ് നിലനിര്‍ത്തിയാണ് അലഹാബാദ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയനോട് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.