മാസങ്ങള്‍ക്ക് മുമ്പ് രൂപികൃതമായ കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖലീദ് അല്‍ ഹമദ് അല്‍ സബ കീരീടാവകാശിക്ക് രാജിക്കത്ത് നല്‍കി.
കുവൈത്ത് സിറ്റി : പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് കുവൈത്ത് മന്ത്രിസഭ രാജിവെച്ചു.
രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉളവാക്കിയാണ് സര്‍ക്കാര്‍ രൂപികരണവും താമസിയാതെ തകര്‍ച്ചയും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഇത് മൂന്നാമത്തെ മന്ത്രിസഭയാണ് രാജിവെച്ച് പുറത്തുപോവുന്നത്.
ഇത് രാജ്യത്തെ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് വിഘാതമായിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
2021 നവംബറില്‍ രൂപികൃതമായ സര്‍ക്കാര്‍ നാലു മാസം പൂര്‍ത്തിയാക്കുന്ന വേളയിലാണ് രാജിവെച്ചൊഴിയുന്നത്.
പ്രധാനമന്ത്രിക്കെതിരെ 25 പാര്‍ലമെന്റംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി തീരുമാനമെടുത്തത്.
പ്രധാനമന്ത്രി ഷെയ്ഖ് സബായ്‌ക്കെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് ശക്തമായ നീക്കമാണുണ്ടായത്. പാര്‍ലമെന്റംഗങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ലെന്ന് മുതിര്‍ന്ന എംപിമാര്‍ ആരോപിച്ചു.
പ്രധാനമന്ത്രി പദവിക്ക് അനുയോജ്യനായ ഒരാള്‍ നേതൃസ്ഥാനത്തേക്ക് വരണമെന്നും നിലവിലെ നേതൃത്വം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു
ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ രാജിവെച്ചതോടെയാണ് മന്ത്രിസഭാ പ്രതിസന്ധി ഉടലെടുത്തത്.
അധികാരത്തിലേറിയിട്ടും തങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്ന് സമ്മതിച്ചാണ് രണ്ട് മന്ത്രിമാരും രാജിവെച്ചത്.
കുവൈത്ത് സാമ്പത്തിക രംഗം ഇപ്പോഴും എണ്ണയെമാത്രമാണ് വരുമാനത്തിന് ആശ്രയിക്കുന്നതെന്നും വൈവിധ്യവല്‍ക്കരണത്തിന് അവസരമൊരുക്കണമെന്നും പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടു.












