കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ കനത്ത ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനു വിലക്കുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ 10 വര്‍ഷം തടവും 30,000 ദിനാര്‍ പിഴയും ചുമത്തും. വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ വിജായാഹ്ലാദ പ്രകടനങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിയിട്ടുണ്ട്.
2,73,940 പുരുഷന്മാരും 2,93,754 സ്ത്രീകളും അടക്കം 5,67,694 പേര്‍ നാളെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. 29 സ്ത്രീകള്‍ അടക്കം 326 പേരാണ് ഇത്തവണ ജനവിധി തേടുന്നത്. ഇവരില്‍ 43 പേര്‍ സിറ്റിംഗ് എം.പി.മാരാണ്. അഞ്ചു മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഓരോ മണ്ഡലത്തില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ നേടുന്ന 10 പേരാണു തിരഞ്ഞെടുക്കപ്പെടുക.
2012 വരെ ഒരു വോട്ടര്‍ക്ക് 4 വീതം വോട്ടുകള്‍ രേഖപ്പെടുത്താവുന്ന രീതിയായിരുന്നു പിന്തുടര്‍ന്ന് വന്നത്. ഈ സമ്പ്രദായം വ്യാപകമായ വോട്ട്കച്ചവടത്തിന് ഇടയാക്കുന്നുവെന്ന കാരണത്താല്‍ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ ഒട്ടേറെ ഭേദഗതി വരുത്തി ഒരാള്‍ക്ക് ഒരു വോട്ടായി പരിമിതിപ്പെടുത്തിക്കൊണ്ട് പരിഷ്‌കരിക്കുകയായിരുന്നു. ഇതിനുപുറമേ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കുന്ന ചരിത്രപരമായ തീരുമാനവും ഇതോടൊപ്പമുണ്ടായി. തിരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമം നടപ്പിലാക്കിയ ശേഷം 2012ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 3 സ്ത്രീകളാണ് പാര്‍ലമെന്റില്‍ എത്തിയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ലമെന്റിലെക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീസാന്നിധ്യം ഒന്നില്‍ മാത്രമായി ചുരുങ്ങി. വിദേശികള്‍ക്ക് എതിരെ വിവാദപ്രസ്താവന നടത്തുന്ന സഫ അല്‍ ഹാഷിം ആയിരുന്നു കഴിഞ്ഞ മൂന്നു പാര്‍ലമെന്റിലെയും ഏക സ്ത്രീ സാന്നിധ്യം.
തിരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് അന്ന് ഇസ്ലാമിസ്റ്റ് കക്ഷികളും ഗോത്രവര്‍ഗ വിഭാഗങ്ങളിലെ പ്രമുഖരും അടക്കം നിരവധി പേര്‍ മല്‍സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെ കാലാവധി തികയാതെ 2016 വരെ മൂന്നു തെരഞ്ഞെടുപ്പുകള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണുണ്ടായത്. 2016ല്‍ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിലൂടെ രൂപീകൃതമായതാണ് നടപ്പ് പാര്‍ലമെന്റ്. 21 വര്‍ഷത്തിനു ശേഷം കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ പാര്‍ലമന്റാണ് നിലവിലുള്ളത്.