പ്രേമന്‍ ഇല്ലത്ത്
സദ്ദാം ഹുസൈന്റെ പടയോട്ടക്കാലത്ത് പട്ടാളം പിടിച്ചു കൊണ്ടുപോയ 2500 ഓളം കുവൈറ്റി പൗരന്മാരില്‍പെട്ട 21 പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇറാക്കിലെ കുവൈറ്റ് എംബസ്സി അധികൃതര്‍ ഏറ്റുവാങ്ങി. ഇറാക്കിലെ റെഡ്ക്രസന്റ് പ്രതിനിധികളും, ഇറാക്ക് വിദേശകാര്യ ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയാണ് അവശിഷ്ടങ്ങള്‍ കൈമാറിയത്. ഇറാക്കിലെ കൂട്ടക്കുഴിമാടങ്ങളില്‍ നിന്നാണ് ഈ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനു മുന്‍പ് ആയിരത്തി ഇരുന്നൂറോളം കുവൈറ്റ് പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങളും ഇങ്ങനെ ലഭിച്ചിരുന്നു. അവയെല്ലാം കുവൈറ്റിലെത്തിച്ച് ദേശീയ ആദരവുകളോടെ സംസ്‌കരിക്കുകയാണ് ചെയ്തത്. ഈ ശേഷിപ്പുകളുടെ ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിഞ്ഞതിനു ശേഷം രാജ്യം ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി.
കുവൈറ്റ് എന്നാല്‍ ‘കടല്‍ക്കരയിലെ കോട്ട ‘ എന്നാണ് അറബിയില്‍ അര്‍ത്ഥം. ഈ കോട്ടയിലെ സുല്‍ത്താന്മാരെ ഒറ്റ രാത്രികൊണ്ട് തുരത്തി അവിടെ ആധിപത്യം സ്ഥാപിച്ചാണ് സദ്ദാം ഹുസൈന്‍ എന്ന സേച്ഛാധിപതി കുവൈറ്റ് എന്ന രാജ്യത്തെയും അതിന്റെ മുപ്പത് ലക്ഷത്തോളം വരുന്ന ജനതയെയും തടവിലാക്കിയത്.
1990 ഓഗസ്റ്റ് ഒന്ന് അര്‍ദ്ധരാത്രിയിലാണ് ഇറാക്ക് പട്ടാളം കുവൈറ്റിലേക്ക് ഇരച്ചുകയറിയത്. ഉറങ്ങി കിടക്കുകയായിരുന്ന ഒരു ജനതയെ കിളിയെ അതിന്റെ കൂട്ടില്‍ ചെന്ന് പിടികൂടുന്ന ലാഘവത്തോടെയാണ് രാവിന്റെ മറവില്‍ സദ്ദാം ഹുസൈന്‍ കൈപിടിയിലൊതുക്കിയത്.
കുവൈറ്റിനെ ഇറാക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ 19ാംമത്തെ പ്രവശ്യയായി പ്രഖ്യാപിക്കുകയും, കുവൈറ്റ് ദിനാര്‍ പിന്‍വലിച്ച് ഇറാക്കി ദിനാര്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്ത് സദ്ദാം കുവൈറ്റിന്റെ സമൃദ്ധമായ മണ്ണില്‍ അധിനിവേശ ഭരണം ഏഴു മാസത്തോളം തുടര്‍ന്നു.
ചെറുത്തു നിന്ന നാമമാത്രമായ കുവൈറ്റ് പട്ടാളത്തെയും പോലീസുകാരെയും നിഷ്‌കരണം വകവരുത്തിയ ഇറാക്കി പട്ടാളം കുവൈറ്റ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, വീട്ടില്‍ കൊള്ളയടിക്കുകയും, വിലപ്പെട്ടതെല്ലാം ഇറാക്കിലേക്ക് കടത്തുകയും ചെയ്തു കൊണ്ടിരുന്നു.
കുവൈറ്റി പൗരന്മാരെ കണ്ടാല്‍ പിടിച്ചുകൊണ്ടു പോവകയും വധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക ഇറാക്ക് പട്ടാളത്തിന്റെ പ്രധാന വിനോദമായിരുന്നു. അങ്ങനെ കുവൈറ്റിന്റെ 2500 ഓളം വിലപ്പെട്ട ജീവിതങ്ങളെയാണ് പട്ടാളം പീഡിപ്പിച്ച് ഇറാക്ക് മരുഭൂമികളില്‍ കൂട്ടക്കൊല ചെയ്ത് മൂടിയത്. ആ പൗരന്മാരെയെല്ലാം കുവൈറ്റ് രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും ദേശീയ ബഹുമതികളോടെ ആദരിക്കുകയും ചെയ്യുന്നു.