കുവൈത്ത് സിറ്റി: ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതിനു മുന്നോടിയായി വിമാനത്താവളത്തില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് വക്താവ് സഅദ് അല്‍ ഉതൈബി പറഞ്ഞു. വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സ്‌പോണ്‍സര്‍മാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ക്വാറന്റീന്‍ ചെലവ് സ്‌പോണ്‍സറില്‍നിന്ന് ഈടാക്കും.270 ദീനാറാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. കോവിഡ് പരിശോധന സര്‍ക്കാര്‍ ചെലവില്‍ നടത്തും. ക്വാറന്റീന്‍ കാലത്ത് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി നല്‍കും.
കുവൈത്തില്‍ താമസാനുമതിയുള്ള 80000 വീട്ടുജോലിക്കാരാണ് രാജ്യത്തിന് പുറത്തുള്ളത്. ഇതില്‍ ഭൂരിഭാഗവും നിലവില്‍ കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്. ഡിസംബര്‍ ഏഴ് മുതല്‍ വരാമാണ് ഇവര്‍ക്ക് വരാന്‍ അനുമതിയുള്ളത്. രണ്ടാഴ്ച ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ അനുഷ്ടിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. വിവിധ രാജ്യങ്ങളില്‍നിന്ന് ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഇന്ത്യയില്‍നിന്ന് വിമാന ടിക്കറ്റ് നിരക്ക് 110 ദീനാറില്‍ കൂടരുതെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഒരു ദിവസം 600 പേരെ വരെയാണ് ഡിസംബര്‍ ഏഴുമുതല്‍ കൊണ്ടുവരിക.