കുവൈത്ത് സിറ്റി: കുവൈത്തില്‍ 421 അംഗീകൃത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഇലക്‌ട്രോണിക് മീഡിയ വിഭാഗം അറിയിച്ചു.നവംബറില്‍ മാത്രം പുതിയ 22 ലൈസന്‍സുകള്‍ നല്‍കി. നാല് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ ലൈസന്‍സ് നവംബറില്‍ മന്ത്രാലയം റദ്ദാക്കി. ഒരു മാസത്തിനിടെ ഇത്രയും ലൈസന്‍സ് അപേക്ഷകള്‍ വന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നാണ് വിലയിരുത്തല്‍. കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ടുള്ള പ്രചാരണത്തിന് പരിമിതിയുള്ളതിനാല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ കാര്യമായി ആശ്രയിക്കുന്നുണ്ട്. ചില സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പലതിന്റെയും സജീവത നഷ്ടപ്പെടും.
വെബ്‌സൈറ്റുകളിലും ഇലക്ട്രോണിക്‌സ് മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.പോര്‍ട്ടല്‍ നടത്തിപ്പിന് അനുമതി ലഭിക്കാനും നിശ്ചിത മാനദണ്ഡങ്ങളുണ്ട്. രാജ്യത്ത് ഇമീഡിയ നിയമം പ്രാബല്യത്തിലായതിനുശേഷം ന്യൂസ് പോര്‍ട്ടലുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും ലൈസന്‍സ് നേടാന്‍ ഒരുവര്‍ഷത്തെ സമയം അനുവദിച്ചിരുന്നു.ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ഉടമകള്‍ക്ക് 500 ദീനാര്‍ മുതല്‍ 5000 ദീനാര്‍ വരെ പിഴചുമത്തുകയും ചെയ്യും. കുറഞ്ഞത് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലുമുള്ള 21 വയസ്സിന് മേല്‍ പ്രായമുള്ള സ്വദേശികള്‍ക്ക് മാത്രമാണ് ഇലക്ട്രോണിക് മീഡിയ ലൈസന്‍സ് അനുവദിക്കുക. പത്തുവര്‍ഷ കാലാവധിയുള്ള ലൈസന്‍സിനു 500 ദീനാര്‍ ആണ് മന്ത്രാലയത്തില്‍ അടക്കേണ്ടത്.ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍, ബുള്ളറ്റിനുകള്‍, വാര്‍ത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്‌സൈറ്റുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഇലക്‌ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയത്.













