കുവൈറ്റ് സിറ്റി: എട്ട് ലക്ഷം പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടി വരുന്ന കരട് പ്രവാസി ക്വാട്ട ബില്ലിന് കുവൈത്ത് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മ്മാണ സമിതിയുടെ അംഗീകാരം. കുവൈറ്റില്‍ ബില്‍ നിമയ പ്രാബല്യത്തില്‍ വന്നാല്‍ എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കാണ് ജോലി നഷ്ടമാവുക. ബില്‍ ഭരണഘടനാപരമാണെന്ന് കമ്മിറ്റി വിലയിരുത്തി. ബില്‍ അതത് കമ്മിറ്റിയ്ക്ക് കൈമാറിയതിനു ശേഷം സമഗ്രമായ പദ്ധതി തയ്യാറാക്കും. കുവൈറ്റിലെ പ്രവാസികളുടെ എണ്ണം രാജ്യത്തെ പൗരന്മാരെക്കാളും കൂടുന്നതിനാലാണ് ഗവണ്‍മെന്‍റ് ബില്‍ പാസാക്കാനൊരുങ്ങുന്നത്.
ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം കുവൈറ്റ് ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ല. കുവൈത്തിലെ 4.3 ദശലക്ഷം ജനസംഖ്യയില്‍ 14 ലക്ഷത്തോളം ഇന്ത്യാക്കാരാണ് ഉളളത്. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കുവൈറ്റിലേക്കെത്തുന്നത്. രാജ്യത്തെ പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയ്ക്കാന്‍ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് നിര്‍ദേശിച്ചിരുന്നു. കുവൈറ്റിലെ വൈറസ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വിദേശികളിലാണ് .












